
ഏഷ്യാകപ്പ് മത്സരങ്ങൾക്കുള്ള യുഎഇ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം അലിഷാൻ ഷറഫു ടീമിൽ ഇടം നേടി. ഓൾറൗണ്ടറായ താരം നേരത്തേ യുഎഇ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. കണ്ണൂർ സ്വദേശിയാണ് 22 കാരനായ അലിഷാൻ. 17 അംഗ ടീമിൽ അലിഷാൻ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരുണ്ട്.
പാക് സ്വദേശിയായ മുഹമ്മദ് വസീഫാണ് യുഎഇ ടീമിന്റെ ക്യാപ്റ്റൻ. രാഹുൽ ചോപ്ര, ഹർഷിദ് കൗശിക്, സിമ്രാൻജിത് സിങ്, ധ്രുവ് പരാഷർ, ആര്യൻഷ് ശർമ, ഏദാൻ ഡിസൂസ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യക്കാർ. മുൻ ഇന്ത്യൻ താരം ലാൽചന്ദ് രജ്പുതാണ് യുഎഇയുടെ ഹെഡ് കോച്ച്.
2020 മുതൽ യുഎഇ അണ്ടർ 19 താരമാണ് അലിഷാൻ ഷറഫു. 2022 ൽ യുഎഇ അണ്ടർ 19 ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. യുഎഇക്ക് വേണ്ടി അയർലന്റിനെതിരെ ഏകദിന മത്സരങ്ങളും ഇറാനെതിരെ ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഈ മാസം പത്തിന് ഇന്ത്യക്കെതിരായാണ് യുഎഇയുടെ ആദ്യ മത്സരം. ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണും യുഎഇക്ക് വേണ്ടി അലിഷാനും കളത്തിലിറങ്ങിയാൽ രണ്ട് മലയാളികൾ ഏഷ്യാകപ്പിന്റെ കളത്തിലുണ്ടാകും എന്നതാണ് പ്രത്യേകത.