
ന്യൂഡൽഹി: ഏഷ്യ കപ്പ് ഹോക്കിയിൽ നിന്ന് പാക്കിസ്ഥാനും ഒമാനും പിന്മാറി. പകരം ബംഗ്ലദേശും കസഖ്സ്ഥാനും പങ്കെടുക്കും. ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷം ഏഷ്യാ കപ്പിന്റെ മത്സരക്രമം ഹോക്കി ഇന്ത്യ ഇന്നലെ പുറത്തുവിട്ടു. പൂൾ എയിൽ ചൈന, ജപ്പാൻ, കസഖ്സ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ.
ദക്ഷിണ കൊറിയ, മലേഷ്യ, ബംഗ്ലദേശ്, ചൈനീസ് തായ്പേയ് എന്നിവരാണ് പൂൾ ബിയിൽ. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ ബിഹാറിലെ രാജ്ഗിറിലാണ് ഏഷ്യാ കപ്പ് ഹോക്കി മത്സരങ്ങൾ നടക്കുക. ആദ്യ ദിനം ചൈനയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യയിലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്നു പിൻമാറിയത്. ഒമാൻ പിൻമാറിയതിന് കാരണങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി.