
ബിഹാർ: ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ ഫോർ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ച് ഇന്ത്യ (2–2). 8–ാം മിനിറ്റിൽ ഹാർദിക്ക് സിങ്ങിന്റെ ഗോളിൽ ഇന്ത്യ മുന്നിലെത്തിയെങ്കിലും കൊറിയ തുടരെ രണ്ടു ഗോളടിച്ച് ലീഡ് നേടി. 12–ാം മിനിറ്റിൽ ജിഹുൻ യാങ്ങും 14–ാം മിനിറ്റിൽ ഹിയോൻഹോങ് കിമ്മുമാണ് കൊറിയയ്ക്കായി ഗോൾ നേടിയത്.
കളി കൊറിയ കൊണ്ടുപോകുമെന്നു തോന്നിച്ചെങ്കിലും 52–ാം മിനിറ്റിൽ മൻദീപ് സിങ്ങിന്റെ ഗോളിൽ ഇന്ത്യ സ്കോർ തുല്യമാക്കി (2–2). സൂപ്പർ ഫോറിലെ ഇന്ത്യയുടെ അടുത്ത മത്സരം ഇന്നു നടക്കും. രാത്രി 7.30ന് മലേഷ്യയാണ് എതിരാളികൾ. സൂപ്പർ 4ൽ ആദ്യ 2 സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനൽ കളിക്കുക.