
ഏഷ്യാ കപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സല്‍മാന്‍ അലി ആഗയെ പിസിബി പുറത്താക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഷദാബ് ഖാനെ ക്യാപ്റ്റനാക്കാനാണ് പിസിബിയുടെ നീക്കം. 2026 ലെ ടി20 ലോകകപ്പിന് മുമ്പ് ടീമിനെ സജ്ജമാക്കുകയാണ് പിസിബിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റ ഷദാബ് ഖാന്‍ നിലവില്‍ വിശ്രമത്തിലാണ്. താരം തിരിച്ചെത്തിയതിന് ശേഷം പുതിയ തീരുമാനം നടപ്പിലാക്കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിലെ തോല്‍വിയാണ് സല്‍മാന്‍ അലി ആഗയ്ക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പില്‍ ഇന്ത്യയോട് കളിച്ച മൂന്ന് മത്സരങ്ങളിലും പാകിസ്ഥാന്‍ തോറ്റു. ഗ്രൂപ്പ്, സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങളിലായിരുന്നു തോല്‍വി.
ക്യാപ്റ്റന്‍സിയിലും, വ്യക്തിഗത പ്രകടനത്തിലും സല്‍മാന്‍ വളരെ മോശമായിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 72 റണ്‍സ് മാത്രം. 80.90 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ശരാശരി 12 റണ്‍സ്. ടൂർണമെന്റിലുടനീളം ആഗയുടെ ക്യാപ്റ്റൻസി തീരുമാനങ്ങൾ വിമർശനങ്ങൾ നേരിട്ടു. ഇന്ത്യയോട് തോറ്റതിന് പിന്നാലെ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും ഉയർന്നു. ഇതിനെ തുടർന്ന് സല്‍മാനെ നായക സ്ഥാനത്തുനിന്ന് നീക്കാന്‍ പിസിബി തീരുമാനിക്കുകയായിരുന്നു.