ഏഷ്യ കപ്പ് ക്രിക്കറ്റ് സെപ്റ്റംബറിൽ; ഇന്ത്യയും പാകിസ്ഥാനും കളിക്കും, ഒരാഴ്ചക്കിടെ രണ്ട് മത്സരം | Asia Cup

ജൂലൈ ആദ്യവാരം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യ കപ്പിന്‍റെ മത്സരക്രമവും വേദിയും പുറത്തുവിട്ടേക്കും
Asia Cup
Published on

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെ ഇത് ക്രിക്കറ്റ് മത്സരങ്ങളെയും ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ബഹിഷ്കരിക്കാനും ഒരു ഘട്ടം വരെ തീരുമാനമായിരുന്നു. എന്നാലിപ്പോൾ എതിർപ്പുകളുണ്ടെങ്കിലും ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏഷ്യ കപ്പിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും. 2025ലെ ഏഷ്യാ കപ്പ് നേരത്തെ തീരുമാനിച്ചതുപോലെ നടക്കുമെന്നും സെപ്റ്റംബര്‍ അഞ്ചിന് ഉദ്ഘാടന മത്സരം നടത്താനാകുമെന്നുമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ (എ.സി.സി) പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷത്തേതുപോലെ ട്വന്‍റി-20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ എന്നീ ആറു ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്, 21 ദിവസത്തിനിടെ ഇന്ത്യ-പാകിസ്താൻ പോരാട്ടം മൂന്നു തവണ ആരാധകർക്ക് കാണാനാകും. ഗ്രൂപ്പ് റൗണ്ടിൽ സെപ്റ്റംബർ ഏഴിന് ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടും.

2022, 2023 ടൂർണമെന്‍റിനു സമാനമായി ഗ്രൂപ്പ് ഘട്ടം, സൂപ്പർ ഫോർ ഫോർമാറ്റുകളിലാണ് ഇത്തവണയും ടൂർണമെന്‍റ് നടക്കുക. ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയാൽ മറ്റൊരു ത്രില്ലർ പോരാട്ടം കൂടി കാണാനാകും. സെപ്റ്റംബർ 14നാകും (ഞായറാഴ്ച) ഇന്ത്യ-പാകിസ്താൻ മത്സരം. സെപ്റ്റംബർ 21ന് ഫൈനൽ നടക്കും.

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണ്. എന്നാല്‍, ബി.സി.സി.ഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകള്‍ മറ്റ് വേദികളിലോ അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലുകളിലോ നടത്തുന്നതാണ് പതിവ്. മാറ്റമില്ലെങ്കിൽ ടൂർണമെന്‍റിന് യു.എ.ഇ വേദിയാകാനാണ് സാധ്യത.

നിലവില്‍ ഐ.സി.സി, ഏഷ്യ കപ്പ് ടൂര്‍ണമെന്റുകളിൽ മാത്രമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ ആദ്യവാരം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യ കപ്പിന്‍റെ മത്സരക്രമവും വേദിയും പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com