
ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റാണെന്നും ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടില്ലെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കുമെന്നും എസിസിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി.
അടുത്തമാസം ഒമ്പതിന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റാണെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ മുന്നറിയിപ്പ്. "ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിൽ വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വിറ്റഴിക്കുന്ന ടിക്കറ്റുകൾ വ്യാജനും തട്ടിപ്പുമാണ്. ഇത്തരം വ്യാജ ടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ല. ഇക്കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് ജാഗ്രത പാലിക്കണം." കൗൺസിൽ മുന്നറിയിപ്പ് നൽകി.