ആഷസ് പരമ്പര: റൂട്ട് സെഞ്ചറി നേടിയില്ലെങ്കിൽ ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് വെല്ലുവിളിച്ച് മാത്യു ഹെയ്ഡൻ; പ്രതികരണവുമായി മകൾ ഗ്രേസ് | Ashes Test Cricket Series

ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച ജോ റൂട്ടിന് ഇതുവരെ സെഞ്ചറി നേടാന്‍ സാധിച്ചിട്ടില്ല.
Grace
Published on

ആഷസ് പരമ്പരയിലൂടെ ഓസ്ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ചറി നേടുമെന്ന് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. റൂട്ട് സെഞ്ചറിയടിച്ചില്ലെങ്കില്‍ താന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ പൂര്‍ണ നഗ്നനായി നടക്കുമെന്നും ഹെയ്ഡൻ വെല്ലുവിളിച്ചു. ‘ഓള്‍ ഓവര്‍ ബാര്‍ ദ് ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിലായിരുന്നു ഹെയ്ഡന്‍റെ ചാലഞ്ച്.

ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച് 892 റണ്‍സ് നേടിയെങ്കിലും സെഞ്ചറി നേടാന്‍ റൂട്ടിന് ഇതുവരെ സാധിച്ചിട്ടില്ല. ഒന്‍പത് അര്‍ധ സെഞ്ചറികള്‍ നേടിയിട്ടുള്ള താരത്തിന്റെ ഓസീസിനെതിരെയുള്ള മികച്ച സ്കോര്‍ 89 ആണ്. ആഷസ് പരമ്പരയോടെ ആ വിടവ് നികത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഹെയ്ഡന്റെ വെല്ലുവിളി സമൂഹമാധ്യമങ്ങളിലും വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഹെയ്ഡന്റെ മകളും കമന്റേറ്ററുമായ ഗ്രേസ് ഹെയ്ഡനും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ‘ജോ റൂട്ട്, ദയവായി സെഞ്ചറി നേടുക’ എന്നാണ് ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നവംബറിൽ ഓസ്ട്രേലിയയില്‍ നടക്കുന്ന ആഷസ് പരമ്പര റൂട്ടിന് മാത്രമല്ല ഇംഗ്ലണ്ടിനും നിര്‍ണായകമാണ്. 2011ന് ശേഷം ആദ്യമായി എവേ ആഷസ് ജയിക്കുകയെന്നതും 2015ന് ശേഷം ആഷസ് നേടുകയെന്നതുമാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. നവംബര്‍ 21ന് പെര്‍ത്തിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയുടെ തുടക്കം.

Related Stories

No stories found.
Times Kerala
timeskerala.com