
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അരീന സബലേങ്കയ്‌ക്ക്. ഫൈനലിൽ എട്ടാം സീഡായ യുഎസ് താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് 3–6, 6–7 (3–7) തോൽപ്പിച്ചാണ് നിലവിലെ ചാംപ്യനായ സബലേങ്ക കിരീടം നിലനിർത്തിയത്. ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ട ഫൈനലിലെ ജയത്തോടെ സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരമായി സബലേങ്ക.
ആദ്യ രണ്ടു ഗെയിമുകൾ ജയിച്ച് മികച്ച തുടക്കം കുറിച്ച സബലേങ്കയ്‌ക്ക് പിന്നാലെ രണ്ടു ഗെയിമുകൾ തുടരെ ജയിച്ച് അനിസിമോവ ഒപ്പമെത്തി. പിന്നീടുള്ള രണ്ടു ഗെയിമുകളിൽ ഒരോന്നു ജയിച്ച് ഇരുവരും സമനില പാലിച്ചു. ശക്‌തമായി തിരിച്ചടിച്ച സബലേങ്ക, തുടർന്നുള്ള മൂന്നു ഗെയിമുകളും ജയിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ ഗെയിം അമാൻഡ അനിസിമോവ സ്വന്തമാക്കി. എന്നാൽ സബലേങ്കയുടെ കരുത്തുറ്റ സെർവുകൾക്കു മുന്നിൽ പതറിയ അനിസിമോവയ്‌ക്ക് തുടർന്നുള്ള മൂന്നു ഗെയിമുകൾ നഷ്‌ടമായി.
പിന്നാലെ രണ്ടു ഗെയിമുകൾ ജയിച്ച അനിസിമോവ, സബലേങ്കയ്‌ക്ക് ഒപ്പമെത്തി. വീണ്ടും തുടരെ രണ്ടു ഗെയിമുകൾ ജയിച്ച സബലേങ്ക 3 – 5 എന്ന നിലയിൽ കിരീടനേട്ടത്തിന് അരികിലെത്തി. തിരിച്ചടിച്ച അനിസിമോവ തുടർന്നുള്ള മൂന്നു ഗെയിമുകൾ ജയിച്ച് മുന്നിലെത്തി (6 –5). അടുത്ത ഗെയിം സബലേങ്ക പിടിച്ചെടുത്തതോടെ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്കു നീങ്ങി. മികച്ച പ്രകടനത്തോടെ ടൈബ്രേക്കർ ജയിച്ച ലോക ഒന്നാം നമ്പർ താരം കൂടിയായ അരീന സബലേങ്ക, സെറ്റും കിരീടവും സ്വന്തമാക്കി.