പ്രീമിയർ ലീഗിൽ ആർസനലിന് വിജയം, 1-0 ന് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു | Premier League

13ാം മിനിറ്റിൽ റിക്കാർഡോ കലഫിയോരിയാണ് ഗോൾ നേടിയത്
PL
Published on

പ്രീമിയർ ലീഗ് സീസണിൽ വിജയത്തോടെ തുടങ്ങി ആർസനൽ. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 13ാം മിനിറ്റിൽ പ്രതിരോധ താരം റിക്കാർഡോ കലഫിയോരിയാണ് ലക്ഷ്യം കണ്ടത്. ഗോൾ നേടാനായി യുണൈറ്റഡ് അവസാന മിനിറ്റുവരെ പോരാടിയെങ്കിലും ഫലം കണ്ടില്ല. ആക്രമണ-പ്രത്യാക്രമണങ്ങളോടെ ഇരുടീമുകളും കളംനിറഞ്ഞതോടെ ആദ്യ മിനിറ്റ് മുതൽ മത്സരം ആവേശകരമായി.

പുതുതായി ടീമിലെത്തിച്ച താരങ്ങളെ മുൻനിർത്തിയാണ് ഇരുടീമുകളും ആക്രമിച്ചത്. യുണൈറ്റഡിനായി മതേയൂസ് കുന്യ മുന്നേറ്റ നിരയിൽ ഇടംപിടിച്ചപ്പോൾ വിക്ടർ ഗ്യോകറസ് ആർസനലിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. ആർസനൽ പ്രതിരോധത്തെ നിരന്തരം വിറപ്പിച്ച യുണൈറ്റഡ് സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ അതിവേഗ നീക്കങ്ങളുമായി കളംനിറഞ്ഞു.

ഗോൾകീപ്പർ ഡേവിഡ് റയയുടെ മികച്ച സേവുകളാണ് സന്ദർശകരുടെ രക്ഷക്കെത്തിയത്. എന്നാൽ 13ാം മിനിറ്റിൽ ആർസനൽ മത്സരത്തിലെ നിർണായക ലീഡെടുത്തു. ഡെക്ലാൻ റൈസ് എടുത്ത കോർണർ കിക്ക് തട്ടിയകറ്റുന്നതിൽ യുണൈറ്റഡ് ഗോൾകീപ്പർ ബയിന്ദറിന് പിഴച്ചു. ബോക്‌സിൽ തട്ടിതിരിഞ്ഞെത്തിയ പന്ത് റിക്കാർഡോ കലഫിയോരി അനായാസം വലയിലാക്കി.

ഗോൾ തിരിച്ചടിക്കാനായി ആതിഥേയർ ആക്രമണം കൂട്ടിയെങ്കിലും ഗബ്രിയേൽ-സാലിബ പ്രതിരോധ കോട്ട തകർക്കാനായില്ല. ഫിനിഷിങിലെ പോരായ്മകളും തിരിച്ചടിയായി. ബോൾപൊസിഷനിലും ലക്ഷ്യത്തിലേക്ക് ഷോട്ടു തിർത്തതിലുമെല്ലാം യുണൈറ്റഡായിരുന്നു മുന്നിൽ. എന്നാൽ ശക്തമായ പ്രതിരോധത്തിന്റെ ബലത്തിൽ മത്സരത്തിന്റെ നിർണായക മൂന്ന് പോയന്റ് സ്വന്തമാക്കാൻ ആർസനലിനായി.

Related Stories

No stories found.
Times Kerala
timeskerala.com