
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയിൽ നടന്നു. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.
മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് വാർത്തകൾ പുറത്തു വന്നത്.
മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ തെൻഡുൽക്കർ. 2020–21 സീസണിൽ മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചതെങ്കിലും, പിന്നീട് ഗോവൻ ടീം തിരഞ്ഞെടുക്കുകയായിരുന്നു. 2022–23 സീസണിലാണ് ഗോവയിലേക്ക് മാറിയത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് അരങ്ങേറ്റം ഗോവൻ ജഴ്സിയിലായിരുന്നു.
മുംബൈയിലെ സ്വാധീനമുള്ള ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് സാനിയയുടെ ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പും ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.