
തിരുവനന്തപുരം: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും കേരള മണ്ണിൽ കളിക്കാനെത്തുന്നു(Lionel Messi). നേരത്തെ ലയണൽ മെസിയുടെ സ്പോൺസർ തുക സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു.
300 കോടി രൂപയാണ് സ്പോൺസർ ഷിപ്പിനായി വേണ്ടിരുന്നത്. ഇതില്‍ 200 കോടി രൂപ അര്‍ജന്റീന ടീമിന് മാത്രം നൽകാനുള്ള തുകയാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നത് ആശങ്ക ഉയർത്തിയിരുന്നു.
ഈ സന്ദർഭത്തിലാണ് കായിക മന്ത്രി വി. അബ്ദുറഹ്മാൻ കേരളത്തിൽ കളിയ്ക്കാൻ ലയണൽ മെസിയും അർജന്റീനയും എത്തുമെന്നും സ്പോൺസർ, തുക അടച്ചാൽ ഒക്ടോബറിൽ തന്നെ മത്സരം നടക്കുമെന്നും കാര്യം അറിയിച്ചത്.
"നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. വാർത്ത കണ്ട് ആശങ്ക തനിക്കും ഉണ്ടായിരുന്നു. എന്നാൽ താൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കും" -കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.