അനുഷ്ക ശർമ രണ്ടാമത് ഗർഭിണിയായ വിവരം സമൂഹമാധ്യമത്തിലെ ലൈവിനിടെ അറിയാതെ പുറത്തുവിട്ടതിന്റെ പേരിൽ ഉറ്റ സുഹൃത്തായ വിരാട് കോലി ആറു മാസത്തോളം തന്നോട് മിണ്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തി എ.ബി. ഡിവില്ലിയേഴ്സ്. ദീർഘകാലം തന്നോട് അടുപ്പം കാട്ടാതിരുന്ന കോലി പിന്നീട് ബോർഡർ – ഗാവസ്കർ ട്രോഫിയുടെ സമയത്താണ് മിണ്ടാൻ തുടങ്ങിയതെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. 2024 ഫെബ്രുവരിയിൽ ഒരു യുട്യൂബ് ലൈവിനിടെയാണ് അനുഷ്ക ശർമയും വിരാട് കോലിയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ഡിവില്ലിയേഴ്സ് പുറത്തുവിട്ടത്.
വിരാട് കോലി – അനുഷ്ക ശർമ താരദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന വാർത്ത ആരാധകർ വൻ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇതു പിന്നീട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു. പൊതുവെ കുടുംബപരമായ കാര്യങ്ങളിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന കോലിക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി.
ഇതിനുശേഷം ആറു മാസത്തോളം കോലി താനുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും പിണക്കത്തിലായിരുന്നുവെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ‘‘ഇടക്കാലത്ത് അദ്ദേഹം കരിയറിൽ മോശം കാലഘട്ടത്തിലൂടെ കടന്നുപോയിരുന്നു. ആ സമയത്താണ് അദ്ദേഹം പിന്നീട് എന്നെ വിളിക്കുന്നത്. അതീവ ദുഷ്കരമായ ഈ ഘട്ടം എപ്രകാരം മറികടക്കാമെന്ന അന്വേഷണത്തിലായിരുന്നു കോലി. അദ്ദേഹത്തിന്റെ പരിചയസമ്പത്തും പ്രായവും താരപദവിയുമെല്ലാം പരിഗണിക്കുമ്പോൾ ഇത്തരമൊരു ഘട്ടം എത്രമാത്രം പ്രയാസമേറിയതാണെന്ന് എനിക്ക് മനസ്സിലാക്കാനാകുമായിരുന്നു." – ഡിവില്ലിയേഴ്സ് പറഞ്ഞു.
‘‘ഈ ഘട്ടത്തിൽ നമ്മുടെ മനസ്സിലൂടെ ഒട്ടേറെ കാര്യങ്ങൾ കടന്നുപോകും. അതുകൊണ്ടുതന്നെ, കോലിയുടെ കളി കണ്ടപ്പോൾ എനിക്കു തോന്നിയ കാര്യങ്ങൾ ഞാൻ അദ്ദേഹത്തോടു തുറന്നുപറഞ്ഞു. എന്തായാലും അദ്ദേഹം ഇപ്പോഴും ക്രിക്കറ്റിൽ തുടരുന്നതിൽ വളരെ സന്തോഷമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള തീരുമാനം കോലിയുടെ ഹൃദയത്തിൽനിന്ന് വന്നതാണെന്ന് തീർച്ചയാണ്. ആ തീരുമാനത്തിന് എന്റെ എല്ലാ പിന്തുണയും." – ഡിവില്ലിയേഴ്സ് പറഞ്ഞു.
2024ന്റെ തുടക്കത്തിൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് വിരാട് കോലി വിട്ടുനിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പരമ്പരയിൽനിന്ന് വിട്ടുനിന്ന കോലിയുടെ തീരുമാനത്തെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു. ഈ സമയത്താണ് താരത്തെ പ്രതിരോധിച്ച് ഡിവില്ലിയേഴ്സ് യുട്യൂബ് ലൈവിൽ, കോലിയും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരുന്നതിനാലാണ് താരം പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് വെളിപ്പെടുത്തിയത്.
പിന്നീട് തന്റെ ഭാഗത്തുനിന്ന് വലിയൊരു പിഴവു സംഭവിച്ചതായി വെളിപ്പെടുത്തി ഡിവില്ലിയേഴ്സ് രംഗത്തെത്തിയിരുന്നു. അനുഷ്ക ഗർഭിണിയാണെന്ന് താൻ പറഞ്ഞത് തെറ്റായിരുന്നുവെന്നും, ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കാൻ കോലിക്ക് എല്ലാ അവകാശവുമുണ്ടെന്നുമായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രസ്താവന.