Indian Team

വീണ്ടും കടുത്ത തീരുമാനം; ഇന്ത്യ ഫൈനലിലെത്തിയാൽ, പിസിബി അധ്യക്ഷനുമായി വേദി പങ്കിടില്ല | Asia Cup

പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വിയാണ് നിലവിൽ പിസിബി അധ്യക്ഷനും എസിസി പ്രസിഡന്റും
Published on

ഏഷ്യാകപ്പ് പോരാട്ടത്തിനു പിന്നാലെ ഉയർന്ന 'ഹസ്തദാന' വിവാദം കൊട്ടിഘോഷിച്ച് വലിയ സംഭവമാക്കി മാറ്റാനാണ് പാക്കിസ്ഥാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ശ്രമിക്കുന്നത്. എന്നാൽ, ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ ‘മൈൻഡ്’ ചെയ്യാതെ ഇന്ത്യൻ ടീമും ബിസിസിഐയും. മാത്രമല്ല, പാക്കിസ്ഥാനെതിരായ കടുത്ത നിലപാട് തുടരാനുമാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം.

ടീം ഇന്ത്യ, ഏഷ്യാകപ്പ് ഫൈനലിലെത്തിയാൽ, പിസിബി അധ്യക്ഷൻ മുഹ്‌സിൻ നഖ്‌വിയുമായി താരങ്ങൾ വേദി പങ്കിടേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയായ മുഹ്‌സിൻ നഖ്‌വിയാണ് നിലവിൽ പിസിബി അധ്യക്ഷനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും. എസിസിയാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അതിനാൽ, വിജയിയുടെ ട്രോഫിയും സമ്മാനങ്ങളും കളിക്കാർക്ക് കൈമാറുന്നത് അദ്ദേഹമായിരിക്കും. റണ്ണറപ്പുമാർക്കുള്ള ട്രോഫിയും നഖ്‌വി തന്നെയാകും വിതരണം ചെയ്യുക. അതുകൊണ്ടുതന്നെ ഫൈനൽ മത്സരത്തിനുശേഷം നഖ്‌വിയോടൊപ്പം വേദി പങ്കിടാൻ ഇന്ത്യൻ താരങ്ങൾ തയാറാകില്ലെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം ഹസ്തദാനം ഒഴിവാക്കിയ അതേ നിലപാട് ഇവിടെയും തുടരനാണ് തീരുമാനം.

ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാനും സൂപ്പർ ഫോറിൽ കടക്കുമെന്ന കാര്യം ഏറക്കുറെ ഉറപ്പാണ്. അങ്ങനെ വന്നാൽ ഇരു ടീമുകളും ടൂർണമെന്റിൽ ഒരിക്കൽകൂടി മുഖാമുഖം വരും. അന്നും ഇന്ത്യ ഇതേ നിലപാട് സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Times Kerala
timeskerala.com