
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റർമാരിൽ ജാവലിൻ ത്രോ എറിയാൻ അനുയോജ്യനായ താരത്തെ തെരഞ്ഞെടുത്ത് ഒളിംപിക് ജേതാവ് നീരജ് ചോപ്ര. മുൻ ഇന്ത്യൻ താരം നവജോത് സിങ് സിദ്ദുവുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഇന്ത്യൻ ടീമിലെ ജാവലിൻ സ്‌പെഷ്യലിസ്റ്റിനെ ചോപ്ര കണ്ടെത്തിയത്.
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയാണ് ജാവലിൻ എറിയാൻ ഫിറ്റായ താരമായി നീരജ് തെരഞ്ഞെടുത്തത്. "ഒരു ഫാസ്റ്റ് ബൗളർക്കാകും ജാവലിൻ വിജയകരമായി എറിയാനാകുക. ബുംറയുടെ ത്രോ കാണാൻ ആഗ്രഹമുണ്ട്." - നീരജ് ചോപ്ര പറഞ്ഞു. "ഫാസ്റ്റ് ബൗളർമാർക്കും ജാവലിൻ ത്രോയിൽ പങ്കെടുക്കുന്നവർക്കും മികച്ച റൺ-അപ്പ് ആവശ്യമാണ്. നല്ല വേഗതയും സമയനിഷ്ഠയും പ്രധാനമാണ്. അതേപോലെ റിലീസ് ചെയ്യുമ്പോൾ കാലുകൾ, തോളുകൾ എന്നിവയുടെ പൊസിഷനും പ്രധാനമാണ്." - നീരജ് കൂട്ടിചേർത്തു
ചെക് റിപ്പബ്ലിക്കിൽ അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ മീറ്റിൽ നീരജ് ഒന്നാമതെത്തിയിരുന്നു. 85.29 മീറ്റർ ദൂരമാണ് നീരജ് കീഴടക്കിയത്. മാസങ്ങൾക്ക് മുൻപ് ദോഹ ഡയമണ്ട് ലീഗ് മത്സരത്തിൽ 90.23 മീറ്റർ എറിഞ്ഞ് കരിയറിലെ മികച്ച ദൂരവും നീരജ് പിന്നിട്ടിരുന്നു. നിലവിൽ ലോകത്തിലെ മികച്ച ബൗളറാണ് ബുംറ. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലീഡ്‌സ് ടെസ്റ്റിൽ അഞ്ചുവിക്കറ്റുമായി താരം ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചിരുന്നു.