
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അച്ചടക്ക നടപടിക്കു വിധേയനായ ഇന്ത്യൻ താരം ഋഷഭ് പന്തിനെ ഇനിയുള്ള മത്സരങ്ങളിൽനിന്ന് വിലക്കണമെന്ന് ഇംഗ്ലിഷ് ആരാധകർ. പരമ്പരയിൽ പന്ത് ഇതുവരെ നേടിയ റൺസ് ഒഴിവാക്കണം. ശേഷിക്കുന്ന ടെസ്റ്റുകളിലും കളിപ്പിക്കരുത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടമായ ബാർമി ആർമിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്.
‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ" – പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.
ഒന്നാം ടെസ്റ്റിനിടെ അംപയറോടു തർക്കിച്ചതിനും ബോൾ വലിച്ചെറിഞ്ഞതിനുമാണ് ഋഷഭ് പന്തിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. പന്ത് അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണു (ഐസിസി) താരത്തിനെതിരെ നടപടിയെടുത്തത്. അംപയറുടെ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചതിന് ഋഷഭ് പന്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റ് ചുമത്തിയിരുന്നു. പിഴവ് സംഭവിച്ചതായി പന്ത് അംഗീകരിച്ചെന്ന് ഐസിസി അറിയിച്ചു.