
കൊച്ചി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന സംബന്ധിച്ച കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ഐഎസ്എൽ ഫുട്ബോൾ ഈ സീസണിൽ നടക്കുമോയെന്നു തീരുമാനിക്കുന്നതിൽ ഫെഡറേഷന്റെ ഭാവിയാണ് ഏറ്റവും നിർണായകം. കോടതി വിധിയനുസരിച്ചാകും അസോസിയേഷന്റെ ഭാവിയും ഐഎസ്എൽ സംബന്ധിച്ച തീരുമാനങ്ങളും നടക്കുക. സുപ്രീം കോടതി വിധിക്കുശേഷം ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎലും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കുന്ന കാര്യം തീരുമാനിക്കും.
ഐഎസ്എൽ സീസൺ മരവിപ്പിച്ചതോടെ വിദേശ കളിക്കാർ ആശങ്കയിലാണ്. ഐഎസ്എലിന്റെ ഭാവി വ്യക്തമായാൽ പലരും ഇന്ത്യയിൽ തുടരും. മറിച്ചാണെങ്കിൽ മറ്റേതെങ്കിലും രാജ്യത്തെ ക്ലബ്ബിലേക്കു മാറേണ്ടി വരും. ഓഗസ്റ്റ് 30 വരെയാണ് ട്രാൻസ്ഫർ സമയപരിധി.
നേരത്തേ കരാർ ഒപ്പിട്ട വിദേശ താരങ്ങൾ മാത്രമാണു ടീമുകൾക്കൊപ്പമുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ താരങ്ങളെ തളച്ചിടേണ്ടെന്ന തീരുമാനമാണ് എടുത്തത്. അങ്ങനെയാണ് ടീമിന് ഏറ്റവും താൽപര്യമുള്ള താരം സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ഹെസൂസ് ഹിമനെയെ പോകാൻ അനുവദിച്ചത്. ഐഎസ്എൽ നടക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണു ഹിമനെ ഇന്ത്യ വിട്ടത്.
രണ്ടു വർഷ കരാർ അവശേഷിക്കുന്ന ടീം ക്യാപ്റ്റൻ അഡ്രിയൻ ലൂണയും മറ്റു സാധ്യതകൾ തേടുന്നുണ്ട്. ചെന്നൈയിൻ എഫ്സി കോച്ച് ഓവൻ കോയൽ ഐഎസ്എൽ വിടുകയാണെന്നാണു സൂചന. പഞ്ചാബ് എഫ്സി പ്രമുഖ വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി. എഫ്സി ഗോവയിൽ നിന്നും പല വിദേശ താരങ്ങളും മടങ്ങിപ്പോയി. അതേസമയം, കൊൽക്കത്ത മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.