

എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് രണ്ട് മത്സരത്തിൽ അൽ നസ്റിനെതിരെ എഫ്സി ഗോവ 2-1നു കീഴടങ്ങി. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിലാകെ നിറഞ്ഞുനിന്നിട്ടും അൽ നസറിനെ പിടിച്ചുനിർത്താൻ എഫ്സി ഗോവയ്ക്ക് സാധിച്ചത് വലിയ നേട്ടമാണ്. മത്സരം ആരംഭിച്ച് പത്താം മിനിട്ടിൽ തന്നെ ഏഞ്ചലോ ഗബ്രിയേൽ അൽ നസറിന് ലീഡ് സമ്മാനിച്ചു. തുടരാക്രമണങ്ങൾക്കൊടുവിൽ ഹാറൂൺ കമാറയിലൂടെ അൽ നസർ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. 27ആം മിനിട്ടിലായിരുന്നു ഗോൾ.
അൽ നസറിൻ്റെ ആക്രമണങ്ങൾക്കും എഫ്സി ഗോവയുടെ പ്രതിരോധത്തിനുമൊടുവിൽ ഇന്ത്യൻ ക്ലബ് ഒരു ഗോൾ തിരിച്ചടിച്ചു. 41ആം മിനിട്ടിൽ ബ്രിസൺ ഫെർണാണ്ടസാണ് സൗദി പ്രോ ലീഗ് ക്ലബിൻ്റെ വല കുലുക്കിയത്. ഇത്തവണ എഎഫ്സി കപ്പിൽ അൽ നസർ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ഗോവ അടിയ്ക്കുന്ന ആദ്യ ഗോളും ഇത് തന്നെ. ആദ്യ പകുതി 1-2 എന്ന സ്കോറിന് പിരിഞ്ഞു.
രണ്ടാം പകുതിയിലും അൽ നസറിൻ്റെ ആധിപത്യമായിരുന്നു പക്ഷേ, എഫ്സി ഗോവയുടെ പ്രതിരോധം വിട്ടുകൊടുത്തില്ല. ആകെ അൽ നസർ 16 ഷോട്ടുകൾ തൊടുത്തപ്പോൾ ലക്ഷ്യത്തിലേക്ക് വന്നത് വെറും മൂന്നെണ്ണം. ഇതിൽ രണ്ടെണ്ണം ഗോളായി. ഗോവ അടിച്ചത് ഒരേയൊരു ഷോട്ട്. 75 ശതമാനമായിരുന്നു അൽ നസറിൻ്റെ ബോൾ പൊസഷൻ. എന്നിട്ടും അൽ നസറിനെ പിടിച്ചുനിർത്താൻ ഗോവയ്ക്ക് സാധിച്ചു.
ജയത്തോടെ മൂന്ന് കളിയും ആധികാരികമായി വിജയിച്ച അൽ നസർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്ന് കളിയും തോറ്റ എഫ്സി ഗോവ അവസാന സ്ഥാനത്താണ് കളി അവസാനിപ്പിച്ചത്.