
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം അഖിൽ സ്കറിയയാണ് നിലവിൽ ഒന്നാമത് ഉള്ളത്. കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകളാണ് ഈ ഓൾ റൗണ്ടർ വീഴ്ത്തിയത്. മികച്ച ഫോമിലുള്ള ഈ ഓൾ റൗണ്ടർ 4 വിക്കറ്റ് നേട്ടം രണ്ട് തവണയാണ് രണ്ടാം സീസണിൽ ആവർത്തിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സച്ചിൻ ബേബി നായകനായ കൊല്ലം ഏരീസിനെതിരെ 14 റൺസ് വഴങ്ങി 4 വിക്കറ്റും, സാലി സാംസൺ നായകനായ കൊച്ചി ബ്ളൂ ടൈഗേഴ്സിനെതിരെ 37 റൺസ് വഴങ്ങി 4 വിക്കറ്റും വീഴ്ത്തിയതാണ് അഖിലിന്റെ സീസണിലെ മികച്ച ബോളിംഗ് പ്രകടനങ്ങൾ. പ്രതിസന്ധി ഘട്ടങ്ങളിൽ ബാറ്റിംഗിലും കാലിക്കറ്റ് ടീമിന്റെ കരുത്താണ് അഖിൽ . ട്രിവാൻഡ്രം റോയൽസിനെതിരെ പുറത്താകാതെ 68 റൺസ് നേടിയതാണ് രണ്ടാം സീസണിൽ അഖിലിന്റെ ഇതുവരെയുള്ള മികച്ച വ്യക്തിഗത സ്കോർ . കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിരയിൽ അഖിൽ പുറത്തെടുക്കുന്ന മിന്നും ഓൾ റൗണ്ട് പ്രകടനം കാലിക്കറ്റ് ആരാധകർക്ക് ആവേശ നിമിഷം സമ്മാനിച്ചു .5 മത്സരങ്ങളിൽ നിന്നും 173 റൺസ് നേടിയ താരം മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ എട്ടാമനാണ്.
ആദ്യ സീസണിൽ മിന്നും ഓൾ റൗണ്ട് പ്രകടനമാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വേണ്ടി അഖിൽ പുറത്തെടുത്തത്. 12 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ വീഴ്ത്തിയ അഖിൽ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനായിരുന്നു. തകർപ്പനടികളിലൂടെ ബാറ്റിംഗിലും ഹീറോയായ അഖിൽ സ്കറിയയെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 3.75 ലക്ഷം രൂപയ്ക്കാണ് നിലനിർത്തിയത്.
ഇടുക്കി ജില്ലാ അസോസിയേഷനെയാണ് അഖിൽ സ്കറിയ പ്രതിനിധീകരിക്കുന്നത്. കൂടാതെ, കേരള ക്രിക്കറ്റ് ടീം, കെ.സി.എ. റോയൽസ് തുടങ്ങിയ ടീമുകൾക്കായും ഈ ഓൾ റൗണ്ടർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.