
ഇംഗ്ലണ്ടിനെതിരെ എഡ്ജ് ബാസ്റ്റൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 180 റൺസിന്റെ ലീഡ്. ഇംഗ്ലണ്ടിന്റെ അവസാന അഞ്ചുവിക്കറ്റുകൾ വെറും 20 റൺസിനുള്ളിൽ വീഴ്ത്തിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് ആറ് വിക്കറ്റു വീഴ്ത്തിയപ്പോൾ നാല് വിക്കറ്റുമായി ആകാശ് ദീപ് പിന്തുണനൽകി.
മൂന്നിന് 77 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം ദിനം ആദ്യം നഷ്ടമായത് ജോറൂട്ടിനെയാണ്. വിക്കറ്റിന് പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് വിക്കറ്റ് നൽകിയത്. തൊട്ടുപിന്നാലെ റൺസെടുക്കും മുമ്പ് ബെൻസ്റ്റോക്സിനെയും പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് കൊടുങ്കാറ്റായി മാറി. ഇതോടെ ഇംഗ്ലണ്ട് 84ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹാരി ബ്രൂക്കും (158) ജാമി സ്മിത്തും (184 നോട്ടൗട്ട്) ഇന്ത്യക്ക് തലവേദനയായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 303 റൺസാണ് നേടിയത്. ഒടുവിൽ ഹാരി ബ്രൂക്കിനെ ക്ലീൻ ബൗൾഡാക്കി ആകാശ് ദീപാണ് ഇന്ത്യയെ മടക്കിക്കൊണ്ടുവന്നത്. വൈകാതെ ക്രിസ് വോക്സിനെ (5) പുറത്താക്കി ആകാശ് ദീപ് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് സിറാജിന്റെ ഊഴമായിരുന്നു. ബ്രണ്ടൻ കഴ്സ്, ജോഷ് ടങ്, ശുഐബ് ബഷീർ എന്നിവരെ പൂജ്യത്തിന് പുറത്താക്കി സിറാജ് ഇംഗ്ലണ്ടിന് കനത്ത ആഘാതം നൽകി.
രണ്ടാം ഇന്നിങ്സിൽ പരാമാവധി റൺസെടുത്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കാനാകും ഇന്ത്യൻ ശ്രമം. ആദ്യ ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 587 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ നേടിയത്.