2025- 26 സീസണിൽ ഇന്ത്യയിൽ അരങ്ങേറാനിരുന്ന ക്രിക്കറ്റ് പോരാട്ടത്തിന്റെ വേദികളിൽ മാറ്റം വരുത്തി ബിസിസിഐ. ഡൽഹിയിൽ നടത്താനിരുന്ന മത്സരങ്ങളാണ് പുനഃക്രമീകരിച്ചത്. ഡൽഹിയിൽ വായു മലിനീകരണ പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നതിനാലാണ് വേദി മാറ്റം.
നവംബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഡൽഹിയിൽ ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്. നവംബർ 14 മുതൽ നടക്കുന്ന മത്സരമാണ് മാറ്റിയത്. മാറ്റിവച്ച മത്സരം അതേ ദിവസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും.
ഒക്ടോബറിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ കൊൽക്കത്തയിൽ ടെസ്റ്റ് മത്സരം കളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മത്സരത്തിന്റെ വേദി ഡൽഹിയിലേക്കും മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ബിസിസിഐ പുതിയ സീസണിലെ ഷെഡ്യൂൾ പുറത്തിറക്കിയത്. നവംബറിൽ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ മഞ്ഞ് കാലമാണ്. ഈ ഘട്ടത്തിൽ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായിരിക്കും. അത്തരം കാലാവസ്ഥയിൽ ടെസ്റ്റ് മത്സരങ്ങൾ ഡൽഹിയിൽ നടത്തുന്നത് ഉചിതമായിരിക്കില്ലെന്ന നിലപാടിലാണ് വേദി മാറ്റാൻ തീരുമാനിച്ചത്.