
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനാകാൻ സന്നദ്ധതയറിയിച്ച സ്പാനിഷ് താരം ചാവി ഹെർണാണ്ടസിന്റെ അപേക്ഷ നിരസിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). സ്പാനിഷ് പരിശീലകൻ മനോലോ മാർക്കേസ് രാജിവച്ചതിനെ തുടർന്നു വന്ന ഒഴിവിലേക്ക് ലഭിച്ച 170 അപേക്ഷകളിലൊന്ന് സ്പാനിഷ് താരവും ബാർസിലോന ഹെഡ് കോച്ചുമായിരുന്ന ചാവി ഹെർണാണ്ടസിന്റേതായിരുന്നു. വലിയ പ്രതിഫലം നൽകേണ്ടിവരുമെന്നതിനാൽ ചാവിയുടെ അപേക്ഷ തുടക്കത്തിൽ തന്നെ തള്ളുകയായിരുന്നെന്ന് ദേശീയ ടീം ഡയറക്ടർ സുബ്രത പാൽ സ്ഥിരീകരിച്ചു.
സ്വന്തം ഇ–മെയിൽ ഐഡിയിൽ നിന്നാണ് ചാവി ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ നൽകിയത്. വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, 81.1 കോടി രൂപയാണ് ഒരു സീസണിൽ ബാർസിലോന, ചാവിക്ക് നൽകിയിരുന്ന പ്രതിഫലം. എന്നാൽ 3.4 കോടി രൂപയാണ് മുൻ ഇന്ത്യൻ പരിശീലകൻ മനോലോ മാർക്കേസിന് എഐഎഫ്എഫ് നൽകിയിരുന്നത്.
2010 ലെ ഫിഫ ലോകകപ്പ് വിജയിച്ച ബാർസ ടീമിൽ അംഗമായിരുന്ന ചാവി രണ്ടു തവണ യൂറോ കപ്പും നേടിയിട്ടുണ്ട്. ബാർസയ്ക്കൊപ്പം 8 ലാലിഗ കിരീടങ്ങളും 4 ചാംപ്യൻസ് ലീഗ് കിരീടങ്ങളും നേടി. ഫുട്ബോളിൽനിന്നു വിരമിച്ച ശേഷം പരിശീലകന്റെ കുപ്പായമണിഞ്ഞ ചാവിയുടെ കോച്ചിങ് കരിയറിന്റെ തുടക്കം ഏഷ്യയിൽ നിന്നാണ്.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ നിന്ന് നാലുപേരുടെ ചുരുക്കപ്പട്ടിക ഐ.എം.വിജയൻ അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം തയാറാക്കിയിരുന്നു. ഖാലിദ് ജമീൽ, മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, മുൻ കിർഗിസ് പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്ച്, ബെംഗളൂരു എഫ്സി അസിസ്റ്റന്റ് കോച്ച് റെനഡി സിങ് എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.