

ആറ് പതിറ്റാണ്ടിലേറെ നീണ്ട ലോകകപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ പുതിയ വഴി തേടി ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം. 2026-ൽ വടക്കേ അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ടീം ഒരു നിർണായക നീക്കം നടത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ നിർമിത ബുദ്ധിയെ (Artificial Intelligence- AI) പരിശീലനത്തിലും തന്ത്രങ്ങളിലും പൂർണ്ണമായി ഉപയോഗിക്കാനാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ (ഇ.എഫ്.എ) തീരുമാനം.
മത്സരങ്ങളിൽ നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടുകൾ കൈകാര്യം ചെയ്യുന്നതിലാണ് എഐയുടെ സഹായം ഏറ്റവും കൂടുതൽ തേടുന്നത്. വർഷങ്ങളായി പെനാൽറ്റിയിൽ പരാജയപ്പെട്ട് പ്രധാന ടൂർണമെന്റുകളിൽ നിന്ന് പുറത്താകുന്ന ചരിത്രമുള്ള ഇംഗ്ലണ്ടിന് ഇത് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. എതിർ ടീമിലെ കളിക്കാർ പെനാൽറ്റി എടുക്കുന്ന രീതി, ഗോൾ കീപ്പർമാർ ഡൈവ് ചെയ്യുന്ന ദിശ എന്നിവയെക്കുറിച്ചുള്ള ഡാറ്റ അതിവേഗം വിശകലനം ചെയ്യാൻ എഐക്ക് കഴിയും.
മുൻപ് ഒരാഴ്ചയോളം എടുത്തിരുന്ന ഒരു ടീമിന്റെ ഡാറ്റ വിശകലനം വെറും അഞ്ച് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ എഐക്ക് കഴിയുമെന്നാണ് കണക്കുകൾ. ഈ വിവരങ്ങൾ ഗോളിയുമായും കളിക്കാരുമായും മിനിറ്റുകൾക്കുള്ളിൽ പങ്കുവെച്ച് ഏറ്റവും മികച്ച തീരുമാനമെടുക്കാൻ സഹായിക്കും. തന്ത്രപരമായ തീരുമാനങ്ങൾ, കളിക്കളത്തിലെ സാഹചര്യങ്ങൾ, കളിക്കാർ മത്സരം കളിക്കുന്ന രീതി എന്നിവയിലും എഐ വലിയ സ്വാധീനം ചെലുത്തും.
ഇതിനായി ഡാറ്റാ എഞ്ചിനീയർമാരെയും അനലിസ്റ്റുകളെയും നിയമിച്ചുകൊണ്ട് ഇംഗ്ലണ്ട് ഇതിനോടകം വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കളിക്കാരുടെ ക്ഷേമത്തിലും ആരോഗ്യ കാര്യങ്ങളിലും നിർമിത ബുദ്ധി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓരോ ദിവസവും കളിക്കാർ നൽകുന്ന ഉറക്കം, ക്ഷീണം, പേശീവേദന തുടങ്ങിയ വിവരങ്ങൾ എഐ വിശകലനം ചെയ്യുകയും അതനുസരിച്ച് ഓരോ കളിക്കാരനും ആവശ്യമായ പരിശീലന ക്രമീകരണങ്ങളും ഭക്ഷണക്രമവും ക്രമീകരിക്കാൻ സ്റ്റാഫുകളെ സഹായിക്കുകയും ചെയ്യും.
2026 ലോകകപ്പിൽ കിരീടം നേടുന്നതിന് ഒരു ചെറിയ സാധ്യത പോലും നഷ്ടപ്പെടുത്താതിരിക്കാനുള്ള ഇംഗ്ലണ്ടിന്റെ സമഗ്രമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ സാങ്കേതിക മുന്നേറ്റത്തെ വിലയിരുത്തുന്നത്.