2036 ലെ ഒളിംപിക്സിന് വേദിയാകാൻ അഹമ്മദാബാദ്; പി.ടി. ഉഷയും സംഘവും ഐഒസി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി | 2036 Olympics

സൗദി അറേബ്യ, ഇന്തൊനീഷ്യ, തുർക്കി, ചിലെ എന്നീ രാജ്യങ്ങളും 2036 ഒളിംപിക്സിനു വേദിയൊരുക്കാൻ രംഗത്തുണ്ട്
PT Usha
Published on

ന്യൂഡൽഹി: 2036 ലെ ഒളിംപിക്സിന് വേദിയാകാൻ അഹമ്മദാബാദിന്റെ പേര് സമർപ്പിച്ച് ഇന്ത്യൻ പ്രതിനിധി സംഘം. സ്വിറ്റ്‌സർലൻഡിലെ ലുസെയ്നിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുജറാത്തിലെ നഗരമായ അഹമ്മദാബാദിന്റെ പേര് ഇന്ത്യ ഔദ്യോഗികമായി സമർപ്പിച്ചത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവൻട്രിയുമായും ചർച്ച നടത്തി.

2036 ഒളിംപിക്സിനു വേദിയൊരുക്കാനുള്ള താൽപര്യം 2024 ഒക്ടോബറിൽ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഒളിംപിക്സ് സംഘാടനത്തിനായി രാജ്യത്തുള്ള സൗകര്യങ്ങൾ, ഇന്ത്യയുടെ ഇതുവരെയുള്ള ഒരുക്കങ്ങൾ എന്നിവ ഐഒസിയെ അറിയിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും ഇത്തവണ പ്രതിനിധി സംഘത്തിനു കഴിഞ്ഞു.

‘വസുധൈവ കുടുംബകം ’എന്ന ഇന്ത്യൻ ആശയം ഉയർത്തിയാണ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാറെടുപ്പ് നടത്തുന്നത്. "ലോകം ഒരു കുടുംബമായി കണ്ട്, ലോകത്തെങ്ങുമുള്ള കായിക സമൂഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയാണ്. ഇന്ത്യയ്ക്ക് ഒളിംപിക്സ് വേദി അനുവദിക്കുകയാണെങ്കിൽ അത് തലമുറകളോളം നീണ്ടുനിൽക്കുന്ന മാറ്റങ്ങൾ രാജ്യത്ത് കൊണ്ടുവരും." - പി.ടി.ഉഷ പറഞ്ഞു.

അതേസമയം, സൗദി അറേബ്യ, ഇന്തൊനീഷ്യ, തുർക്കി, ചിലെ എന്നീ രാജ്യങ്ങളും 2036 ഒളിംപിക്സിനു വേദിയൊരുക്കാൻ രംഗത്തുണ്ട്. എന്നാൽ, വേദി തീരുമാനിക്കുന്ന നടപടികൾ ഐഒസി താൽക്കാലികമായി നിർത്തിവച്ചതിനാൽ പ്രഖ്യാപനം വൈകും.

Related Stories

No stories found.
Times Kerala
timeskerala.com