സഞ്ജുവിന് പിന്നാലെ സഹോദരൻ സാലി സാംസനേയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ് | KCL Auction

കഴിഞ്ഞ സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു സാലി സാംസൺ
KCL
Published on

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസനേയും സഹോദരൻ സാലി സാംസനേയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ സാലി സാംസണെ അടിസ്ഥാന വിലയായ 75,000 രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് വാങ്ങിയത്. കഴിഞ്ഞ സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു സാലി സാംസൺ. അതേസമയം സഞ്ജു കെസിഎലിന്റെ ആദ്യ സീസണിൽ കളിച്ചിരുന്നില്ല. ഓൾ റൗണ്ടറായ സാലി പ്ലേയർ ഡ്രാഫ്റ്റിൽ സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരുന്നത്.

സാലിയുടെ പേരു വിളിച്ചപ്പോൾ തന്നെ അവതാരകനായ ചാരു ശർ‌മയോട് സഞ്ജു സാംസണിന്റെ സഹോദരനാണെന്നു വേദിയിൽനിന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ മുൻ താരത്തിൽ താൽപര്യം അറിയിച്ച് കൊച്ചി തന്നെ വീണ്ടും രംഗത്തെത്തി. ഇതിനിടെ താരത്തിനു വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവരാതിരുന്നതോടെ അടിസ്ഥാന വിലയ്ക്കു സാലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിലെത്തി.

ഓൾറൗണ്ടറായ സാലി അണ്ടർ 16 വിഭാഗത്തിൽ സൗത്ത് സോണിനു വേണ്ടി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടർ 23, 25 ടീമുകളിലും അംഗമായിരുന്നു. 34 വയസുകാരനായ സാലി ലിസ്റ്റ് എയിൽ ആറു മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്.

അതേസമയം, മൂന്നു ലക്ഷം രൂപ അടിസ്ഥാന വിലയിട്ട സഞ്ജുവിനെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്. സഞ്ജുവിനെ വാങ്ങാൻ തുടക്കം മുതൽ കൊച്ചി ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെ തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടി. ഒടുവിൽ 26.80 ലക്ഷമെന്ന റെക്കോർഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com