"അഫ്രീദിക്ക് വ്യക്തിത്വമോ, മാന്യതയോ ഇല്ല, അധിക്ഷേപിക്കലാണ് മുഖ്യം, അതിനായി കുടുംബത്തെയോ, മതത്തെയോ ഉപയോഗിക്കും"; ഇർഫാൻ പഠാനെ പിന്തുണച്ച് പാക് താരം ഡാനിഷ് കനേരിയ | Irfan Pathan

മതത്തിന്റെ പേരിൽ പാക്കിസ്ഥാന്‍ ടീമിൽ നിന്നും അഫ്രീദിയിൽ നിന്നും വിവേചനം നേരിട്ടിട്ടുണ്ടെന്നും കനേരിയ പറഞ്ഞു
Danish
Published on

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കെതിരായ ആരോപണങ്ങളിൽ ഇന്ത്യൻ താരം ഇർഫാൻ പഠാന് പിന്തുണച്ച് പാക് താരം ഡാനിഷ് കനേരിയ. കരിയറിന്റെ തുടക്കകാലത്ത് പാക്കിസ്ഥാനിൽ കളിക്കാൻ പോയപ്പോൾ അഫ്രീദി മോശം ഭാഷയിൽ സംസാരിച്ചതായി ഇർഫാൻ പഠാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, നല്ലൊരു വ്യക്തിത്വമോ, മാന്യതയോ ഇല്ലാത്ത ആളാണ് അഫ്രീദിയെന്ന് മുൻ പാക്ക് താരം ഡാനിഷ് കനേരിയയും തുറന്നു പറഞ്ഞു.

‘‘ഇർഫാൻ ഭായ്, നിങ്ങൾ പറഞ്ഞത് ശരിയാണ്. ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് അഫ്രീദി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കുടുംബത്തെയോ, മതത്തെയോ അതിനായി ഉപയോഗിക്കും.’’– ഡാനിഷ് കനേരിയ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. മതത്തിന്റെ പേരിൽ പാക്കിസ്ഥാന്‍ ടീമിൽനിന്നും അഫ്രീദിയിൽനിന്നും വിവേചനം നേരിട്ടിട്ടുണ്ടെന്ന് കനേ‍രിയ മുൻപും ആരോപിച്ചിട്ടുണ്ട്.

വിമാന യാത്രയ്ക്കിടെ അഫ്രീദി ‘ചൊറിയാൻ’ ശ്രമിച്ചെന്നും തന്റെ മറുപടി കേട്ടപ്പോൾ പിന്നെ മിണ്ടിയില്ലെന്നുമായിരുന്നു ഇർഫാൻ പഠാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 2006 ൽ ഇന്ത്യ– പാക്കിസ്ഥാൻ താരങ്ങൾ ഒരുമിച്ച് വിമാന യാത്ര നടത്തിയപ്പോഴുള്ള മോശം അനുഭവത്തെക്കുറിച്ചാണ് ഇർഫാൻ പഠാൻ പ്രതികരിച്ചത്. ‘‘2006 ൽ പരമ്പരയുടെ ഭാഗമായി ഞങ്ങൾ കറാച്ചിയിൽനിന്ന് ലഹോറിലേക്കു പോകുകയാണ്. രണ്ട് ടീമുകളും ഒരുമിച്ചാണ്. അഫ്രീദി വന്ന് എന്റെ തലയിൽ കൈവച്ച് മുടിയൊക്കെ അലങ്കോലമാക്കി. എന്തൊക്കെയുണ്ട് കുട്ടി എന്നു ചോദിച്ചു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. അതിനുശേഷം അഫ്രീദി എന്നോട് മോശമായി എന്തൊക്കെയോ സംസാരിച്ചു. അഫ്രീദിയുടെ സീറ്റ് എന്റെ അടുത്തായിരുന്നു.’’

‘‘എന്റെ അപ്പുറത്തുള്ള സീറ്റിൽ പാക്ക് താരം അബ്ദുൾ റസാഖ് ഇരിപ്പുണ്ട്. പാക്കിസ്ഥാനിൽ എന്തൊക്കെ മാംസങ്ങൾ കിട്ടുമെന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. നായ മാംസം കിട്ടുമോയെന്നായിരുന്നു എന്റെ സംശയം. ഇതോടെ റസാഖ് ഞെട്ടിപ്പോയി. എന്താണ് ഇങ്ങനെ പറയുന്നതെന്നു ചോദിച്ചു. അഫ്രീദി നായ മാംസം കഴിച്ചിട്ട്, കുരച്ചുകൊണ്ടിരിക്കുകയാണെന്നു ഞാൻ‌ പറഞ്ഞു. അതിനു ശേഷം അഫ്രീദി എന്നോടു മിണ്ടിയിട്ടില്ല. കൂടുതലായി എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴും കുരയ്ക്കുകയാണ് എന്നു പറയാമായിരുന്നു. പിന്നെ വിമാനത്തില്‍ വച്ച് ഒരു വാക്ക് അഫ്രീദി മിണ്ടിയിട്ടില്ല.’’– ഇർഫാൻ പഠാൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com