തായ്‌ലൻഡ്: എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ ചാംപ്യൻഷിപ്പിൽ വിജയ പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് കിക്കോഫ്. (തായ് വനിതാ ഫുട്ബോൾ ടീമിന്റ ഫെയ്സ്ബുക് പേജിൽ ലൈവ് സ്ട്രീമിങ് കാണാം). ഇന്ത്യയുടെ ആദ്യ എതിരാളികൾ മംഗോളിയ ആണ്. ഓസ്ട്രേലിയയിൽ അടുത്ത വർഷം നടക്കുന്ന ഫൈനൽ റൗണ്ടിനു യോഗ്യത നേടുകയാണു ടീമിന്റെ ലക്ഷ്യം.
ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യമായി കാസർകോട് നീലേശ്വരം സ്വദേശി പി. മാളവികയുമുണ്ട്. ക്രിസ്പിൻ ഛേത്രി മുഖ്യപരിശീലകയായ ടീമിന്റെ സഹപരിശീലക കണ്ണൂർ തലശ്ശേരി സ്വദേശി പി.വി.പ്രിയയാണ്. സ്ട്രൈക്കറായ മാളവിക ഇന്നു കളത്തിലിറങ്ങാനാണു സാധ്യത.
ഗ്രൂപ്പ് ബിയിൽ മംഗോളിയയ്ക്കു പുറമേ, ആതിഥേയരായ തായ്‌ലൻഡ്, തീമോർ ലെഷ്ത്, ഇറാഖ് എന്നിവയാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. ഇതിൽ തായ്‌ലൻഡ് ഒഴികെയുള്ള ടീമുകൾക്കെതിരെ ഇന്ത്യ മുൻപു മത്സരങ്ങൾ കളിച്ചിട്ടില്ല.
‘‘താരതമ്യേന യുവനിരയാണ് ഇന്ത്യയുടേത്. ടീമിന്റെ ശരാശരി പ്രായം 23.6 ആണ്. ഗോൾകീപ്പർ മോണാലിഷയ്ക്കു 18 വയസ്സുമാത്രമേയുള്ളൂ. അനുഭവപരിചയം കുറവാണെങ്കിലും 45 ദിവസം ടീമായി ഒന്നിച്ചു കളിച്ചതിന്റെ പ്രയോജനം ടീമിനു ലഭിക്കുമെന്നു കരുതാം’’– കോച്ച് ക്രിസ്പിൻ ഛേത്രി പറഞ്ഞു.