
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാർത്തകളിൽ ഇടംനേടിയ മുൻ ക്രിക്കറ്റ് താരം അനായ ബംഗാറിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ടിവി റിയാലിറ്റി ഷോയായ റൈസ് ആൻഡ് ഫോളിൽനിന്നു പുറത്തായതിനു പിന്നാലെ അനായ നടത്തിയ വിട വാങ്ങൽ പ്രസംഗത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘‘ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകർ ഇതു കാണുന്നുണ്ടെങ്കിൽ, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഞാൻ പുറത്തുപോയി എന്റെ അവകാശങ്ങൾക്കായി പോരാടും, ഒരു ദിവസം ഞാൻ തീർച്ചയായും ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നു.’’– റിയാലിറ്റി ഷോയിൽനിന്ന് എലിമിനേറ്റായതിനു പിന്നാലെ അനായ ബംഗാർ പറഞ്ഞു. അനായയുടെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. ട്രാൻസ് അത്‌ലീറ്റുകൾക്ക് കൂടുതൽ അവസരം നൽകണമെന്ന വാദവും ഇതോടൊപ്പം ഉയർന്നു.
നേരത്തെ, വനിതാ ക്രിക്കറ്റിന്റെ ഭാഗമാകുന്നതിന് അവകാശവാദം ഉന്നയിച്ച് അനായ രംഗത്തെത്തിയിരുന്നു. ട്രാൻസ്‍വുമണായ ശേഷമുള്ള ശാസ്ത്രീയ പരിശോധനാ ഫലം പരസ്യമായി പങ്കുവച്ചാണ്, വനിതാ ക്രിക്കറ്റിന്റെ ഭാഗമാകുന്നതിനുള്ള അവകാശവാദം അനായ ബംഗാർ ഉന്നയിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നായിരുന്നു അനായ ബംഗാറിന്റെ ആവശ്യം.
മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ, കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. തുടർന്ന് അനായ ബംഗാർ എന്ന പേരു സ്വീകരിക്കുകയായിരുന്നു. മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. യുകെയിൽ സ്ഥിരതാമസമാക്കിയ അനായ, റിയാലിറ്റി ഷോയിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ ക്രിക്കറ്റ് രംഗത്തെ പിടിച്ചുകുലുക്കിയിയിരുന്നു.
ഒരു പ്രമുഖ ക്രിക്കറ്റ് താരം തനിക്ക് അശ്ലീല ചിത്രം അയച്ചു തന്നുവെന്നായിരുന്നു അനായയുടെ വെളിപ്പെടുത്തൽ. ‘‘കഴിഞ്ഞ വർഷം നവംബറിൽ ഞാൻ പരസ്യമായി രംഗത്തെത്തി. പിന്നീട് ഡിസംബർ-ജനുവരി മാസങ്ങളിൽ, എന്റെ മനസ്സിൽ വരുന്നതെല്ലാം ഞാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നെ ആഡ് ചെയ്തു. ഞങ്ങൾ പരസ്പരം സംസാരിച്ചില്ല, പക്ഷേ അയാൾ നേരിട്ട് ഒരു ഫോട്ടോ അയച്ചു. അത്തരത്തിലുള്ള ഒരു ഫോട്ടോ.’’– എന്നായിരുന്നു അനായയുടെ പ്രതികരണം.
സമൂഹമാധ്യമത്തിൽ പരസ്യമായി തനിക്കുനേരെ വിമർശനം ഉന്നയിക്കുന്നവർ തന്നെ തനിക്ക് വിവാഹമാലോചിച്ച് മെസേജ് അയക്കാറുണ്ടെന്നും അനായ പറഞ്ഞിരുന്നു. ‘‘കമന്റുകളിൽ എനിക്ക് ലഭിക്കുന്ന അത്രയും വെറുപ്പു തന്നെ എന്റെ ഡിഎമ്മുകളിൽ എനിക്ക് സ്നേഹമായി ലഭിക്കുന്നു. എനിക്ക് നാൽപതിനായിരം വിവാഹാലോചനകൾ വന്നിട്ടുണ്ട്.’’– അനായ പറഞ്ഞു.