ഹെയ്സൽ സ്റ്റേഡിയ ദുരന്തത്തിന് 40 വർഷം; ഓർമ്മയ്ക്കായി ‘ഫോർ എവർ ബൗണ്ട്’ എന്ന പേരിൽ സ്മാരകം അനാഛാദനം ചെയ്യുന്നു | 'Forever Bound'

ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് പുതിയ സ്മാരകം നിർമ്മിക്കുന്നത്
Forever Bound
Published on

'ഫോർ എവർ ബൗണ്ട്’ എന്നാൽ മരണത്തിനപ്പുറം, കാലത്തെയും ദൂരത്തെയും ഓർമകളെയും അതിജീവിക്കുന്ന ബന്ധമെന്നാണ്. ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് ‘ഫോർ എവർ ബൗണ്ട്’ എന്ന പേരിൽ സ്മാരകം അനാഛാദനം ചെയ്യുന്നു. നാല് പതിറ്റാണ്ടു മുൻപ് നടന്ന, ഫുട്ബോൾ ചരിത്രത്തിലെ രക്തക്കറ പുരണ്ട ആ സംഭവം വീണ്ടും ആരാധകർ ഓർക്കുന്നു.

1985 ൽ ലിവർപൂളും ഇറ്റാലിയൻ ക്ലബ് യുവന്റസും തമ്മിലുള്ള യൂറോപ്യൻ ക്ലബ് ഫുട്ബോൾ ഫൈനലിനിടെ ബൽജിയത്തിലെ ഹെയ്സൽ സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിന് ഇന്ന് 40 വയസ്സ് തികയുന്നു. 39 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അറുന്നൂറിലേറെ പേർക്ക് അന്ന് പരുക്കേറ്റിരുന്നു.

ലിവർപൂൾ– യുവന്റസ് ക്ലബ്ബുകൾ പരസ്പരം പങ്കുവച്ച ദുഃഖത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി രണ്ടു സ്കാർഫുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് ഇന്ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ഒരുങ്ങുന്ന പുതിയ സ്മാരകത്തിന്റെ രൂപകൽപന.

1985, മേയ് 29 - ബ്രസൽസിലുള്ള ഹെയ്സൽ സ്റ്റേഡിയത്തിൽ ചാംപ്യൻസ് ലീഗിന്റെ പഴയ രൂപമായ യൂറോപ്യൻ കപ്പിന്റെ ഫൈനൽ. ഇംഗ്ലിഷ് ഫുട്ബോൾ ലീഗ് ജേതാക്കളായ ലിവർപൂളും ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ജേതാക്കളായ യുവന്റസും തമ്മിലുള്ള പോരാട്ടം. അതിന് മുന്നത്തെ വർഷം റോമിൽ നടന്ന മറ്റൊരു യൂറോപ്യൻ ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ റോമ ലിവർപൂളിനോടു പരാജയപ്പെട്ടിരുന്നു. മത്സരശേഷം റോമിലെ പൊലീസ് അടക്കം ലിവർപൂൾ ആരാധകരെ ആക്രമിച്ചു. അതിനു പ്രതികാരം ചെയ്യാൻ കാത്തിരുന്ന ലിവർപൂൾ ആരാധകർ ഹെയ്സൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ അതിനുള്ള വേദിയാക്കി മാറ്റി.

മത്സരം തുടങ്ങും മുൻപേ ആരാധകർ തമ്മിൽ വാക്കേറ്റങ്ങളും വെല്ലുവിളികളും തുടങ്ങി. കുപ്പികളും കമ്പുകളും ഉപയോഗിച്ച് ആരാധകർ പരസ്പരം ആക്രമണം തുടങ്ങി. ഗാലറിയിലെ ഒരു മതിൽ തകർന്നു വീണു. അതിനിടയിൽപെട്ടും തിക്കിലും തിരക്കിലുമായും 39 ആളുകൾ മരിച്ചു. അവരിൽ 32 പേർ ഇറ്റലിക്കാരായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു ദുരന്തത്തിനു ശേഷവും മത്സരം തുടർന്നു.ഒടുവിൽ 1–0നു യുവന്റസ് വിജയിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com