

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസീസിന് മികച്ച സ്‌കോര്‍. 20 ഓവറില്‍ ആറു വിക്കറ്റിന് 186 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. 38 പന്തില്‍ 74 റണ്‍സെടുത്ത ടിം ഡേവിഡാണ് ടോപ് സ്‌കോറര്‍. 39 പന്തില്‍ 64 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസും, പുറത്താകാതെ 15 പന്തില്‍ 26 റണ്‍സെടുത്ത മാറ്റ് ഷോര്‍ട്ടും മികച്ച പ്രകടനം പുറത്തെടുത്തു. ടോപ് ഓര്‍ഡര്‍മാര്‍ നിറം മങ്ങിയപ്പോള്‍ ഡേവിഡും, സ്‌റ്റോയിനിസും ഓസീസിന് രക്ഷകരാവുകയായിരുന്നു. അപകടകാരിയായ ട്രാവിസ് ഹെഡിനെ ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് പുറത്താക്കിയെങ്കിലും ഓസീസ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി.
മൂന്നാം ഓവറില്‍ ഏഴ് പന്തില്‍ ഒരു റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിനെയും അര്‍ഷ്ദീപ് പുറത്താക്കി. 14 പന്തില്‍ 11 റണ്‍സെടുത്ത പുറത്തായ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ആതിഥേയരെ നിരാശപ്പെടുത്തി. വരുണ്‍ ചക്രവര്‍ത്തിയാണ് മാര്‍ഷിനെ പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ മിച്ചല്‍ ഓവനെ ചക്രവര്‍ത്തി ഗോള്‍ഡന്‍ ഡക്കാക്കിയതോടെ 8.3 ഓവറില്‍ നാലിന് 73 എന്ന നിലയില്‍ ഓസീസ് പതറി. എന്നാല്‍ വിക്കറ്റുകള്‍ കൊഴിയുമ്പോഴും ടിം ഡേവിഡ് തകര്‍ത്തടിച്ചുകൊണ്ടിരുന്നു. ഇതിനിടെ കൂട്ടായി സ്‌റ്റോയിനിസും എത്തിയതോടെ ഓസീസ് സ്‌കോർ ബോർഡ് അതിവേഗം കുതിച്ചു.
13-ാം ഓവറിലാണ് ടിം ഡേവിഡ് പുറത്തായത്. ശിവം ദുബെയ്ക്കായിരുന്നു വിക്കറ്റ്. ആറാം വിക്കറ്റില്‍ സ്റ്റോയിനിസ്-ഷോര്‍ട്ട് സഖ്യം ഓസ്‌ട്രേലിയയുടെ സ്‌കോറിങിന് അതിവേഗം പകര്‍ന്നു. അവസാന ഓവറിലാണ് സ്‌റ്റോയിനിസ് പുറത്തായത്. ഷോര്‍ട്ടിനൊപ്പം സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് (രണ്ട് പന്തില്‍ മൂന്ന്) പുറത്താകാതെ നിന്നു.
പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തിയ അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്കായി തിളങ്ങി. മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടും, ശിവം ദുബെ ഒരു വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണെ ഇന്ന് ഒഴിവാക്കി. ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍.