ഇന്ത്യൻ സ്പിന്നർ പിയുഷ് ചൗള ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചു. ഇരുപത് വർഷത്തെ കരിയർ അവസാനിപ്പിക്കാൻ നേരമായെന്ന് ചൗള ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകരെ അറിയിച്ചു. പ്രഫഷനൽ ക്രിക്കറ്റിൽ ആയിരത്തിലേറെ വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള താരം 2007 ൽ ട്വന്റി-20 ലോകകപ്പും 2011 ൽ ഏകദിന ലോകകപ്പും വിജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 36–ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഉത്തർപ്രദേശ് സ്വദേശിയായ ചൗള ഇന്ത്യയ്ക്കായി മൂന്ന് ടെസ്റ്റുകളും 25 ഏകദിനങ്ങളും ഏഴു ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2012 ലെ ഏകദിന ലോകകപ്പിൽ നെതര്‍ലൻഡ്സിനെതിരെയാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്. ഇന്ത്യൻ ജഴ്സിയിൽ 43 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 13 വർഷമായി ദേശീയ ടീമിൽ കളിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ 2024 വരെ താരം സജീവമായിരുന്നു.
നന്ദിയോടെയാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതെന്ന് പിയുഷ് ചൗള പ്രതികരിച്ചു. ‘‘ക്രിക്കറ്റ് കരിയറിലെ എല്ലാ നിമിഷങ്ങളും അനുഗ്രഹമായാണു ഞാൻ കാണുന്നത്. ഈ ഓർമകൾ എന്നും എനിക്കൊപ്പം ഉണ്ടാകും. എന്നിൽ വിശ്വസിച്ച പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കുള്ള നന്ദി അറിയിക്കുകയാണ്. ഇന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ, ഇതു വളരെ വൈകാരികമായ ഒരു ദിവസമായി മാറുന്നു. ക്രീസ് വിട്ടു കഴിഞ്ഞാലും ക്രിക്കറ്റ് എനിക്കൊപ്പമുണ്ടാകും. പുതിയ യാത്രയുമായി മുന്നോട്ടുപോകാനാണു തീരുമാനം’’– പിയുഷ് ചൗള വ്യക്തമാക്കി.