

ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന്റെ മത്സരക്രമം തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു നടക്കും. ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പാണ് യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുക. ടീം നറുക്കെടുപ്പ് ഇന്ത്യൻ സമയം ഇന്നു രാത്രി 10.30 മുതൽ വാഷിങ്ടനിലെ കെന്നഡി സെന്ററിൽ നടക്കും. ഇന്ത്യയിൽ തൽസമയ ടെലിവിഷൻ സംപ്രേഷണമില്ലെങ്കിലും ഫിഫ പ്ലസ് ആപ്പിൽ ലൈവ് സ്ട്രീമിങ്ങുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുക്കും. ഫിഫ സമാധാന പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും. സമ്മാനം ട്രംപിനായിരിക്കുമെന്നാണ് സൂചന. മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരും ചടങ്ങിനെത്തും. ഇംഗ്ലിഷ് ഫുട്ബോളറും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ റിയോ ഫെർഡിനാൻഡ് ആണ് നറുക്കെടുപ്പ് നിയന്ത്രിക്കുക. അവതാരക സാമന്ത ജോൺസൺ ഒപ്പമുണ്ടാകും. അമേരിക്കൻ ഫുട്ബോൾ ഇതിഹാസം ടോം ബ്രാഡി, ബാസ്കറ്റ്ബോൾ ഇതിഹാസം ഷാക്വിൽ ഒ നീൽ, ഹോക്കി താരം വെയ്ൻ ഗ്രെറ്റ്സ്കി, ഓൾസ്റ്റാർ ബേസ്ബോൾ താരം ആരോൺ ജഡ്ജ് എന്നിവർ നറുക്കെടുപ്പിൽ പങ്കെടുക്കും.
ആകെ 42 ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. 6 ടീമുകൾ മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് ജയിച്ച് ഫൈനൽസിലെത്തും. ഇവർക്കുകൂടി ഇടം നൽകുന്ന വിധത്തിൽ പൂർണമായ മത്സരക്രമമാണ് ഇന്നു തീരുമാനിക്കുക. സീഡിങ് അനുസരിച്ച് 4 കുടങ്ങളിലായി (പോട്ട്) ടീമുകളെ വിന്യസിക്കും. നിലവിലെ ചാംപ്യന്മാരായ അർജന്റീന, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവയാണ് ടോപ് 4 സീഡുകൾ. ആദ്യ 4 സീഡുകളായ ടീമുകൾ തമ്മിൽ സെമിഫൈനൽ വരെ നേർക്കുനേർ മത്സരം വരാത്ത വിധത്തിലാണു ഫിക്സ്ചർ തയാറാക്കുന്നതെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. ആതിഥേയരായ യുഎസ്, മെക്സിക്കോ, കാനഡ എന്നിവയും ഒന്നാം പോട്ടിലാണ്.
എ മുതൽ എൽ വരെയുള്ള 12 ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും 4 ടീമുകൾ വീതം. പാരമ്പര്യമനുസരിച്ച് ആതിഥേയ ടീമുകളുടെ ഗ്രൂപ്പ് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. മെക്സിക്കോ –എ, കാനഡ– ബി, യുഎസ്എ – ഡി. ആകെ 104 മത്സരങ്ങളാണ് ഇത്തവണ ലോകകപ്പിലുണ്ടാകുക. 16 വേദികളിലായാണ് മത്സരങ്ങൾ. മെക്സിക്കോയിലും കാനഡയിലും ആകെ 13 വീതം മത്സരങ്ങൾ. ക്വാർട്ടർ ഫൈനൽ മുതൽ എല്ലാ മത്സരങ്ങളും യുഎസിലാണ്. 12 ഗ്രൂപ്പുകളിലെയും ആദ്യ 2 സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലെത്തും. പിന്നീട് പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി എന്നിവ കടന്നു ഫൈനലിലേക്ക്. ലോകകപ്പ് ജേതാവാകുന്ന ടീം ആകെ 8 മത്സരങ്ങളാണ് കളിക്കേണ്ടി വരിക.
2026 ലോകകപ്പ് ടീമുകൾ
പോട്ട് 1: കാനഡ, മെക്സിക്കോ, യുഎസ്എ, സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ, നെതർലൻഡ്സ്, ബൽജിയം, ജർമനി
പോട്ട് 2: ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, യുറഗ്വായ്, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, കൊറിയ, ഇക്വഡോർ, ഓസ്ട്രിയ, ഓസ്ട്രേലിയ
പോട്ട് 3: നോർവേ, പാനമ, ഈജിപ്ത്, അൽജീരിയ, സ്കോട്ട്ലൻഡ്, പാരഗ്വായ്, തുനീസിയ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, ദക്ഷിണാഫ്രിക്ക
പോട്ട് 4: ജോർദാൻ, കെയ്പ് വെർഡി, ക്യുറസാവോ, ഘാന, ഹെയ്തി, ന്യൂസീലൻഡ്, യൂറോപ്യൻ പ്ലേ ഓഫ് ജേതാക്കളാകുന്ന 4 ടീമുകൾ, 2 ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ജേതാക്കൾ.