
സൗദിയിൽ ലോകകപ്പിനായി ഒരുക്കുന്നത് 14 സ്റ്റേഡിയങ്ങൾ. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രാദേശിക സ്ഥാപനങ്ങളാണ് സ്റ്റേഡിയങ്ങൾ ഒരുക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. ആഗോള മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിനോടൊപ്പം നിർമാണ മേഖലയിൽ വലിയ തോതിൽ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങളും ഇതുവഴി ഉണ്ടാകും.
2034 സൗദി ആതിഥേയത്വം വഹിക്കുന്ന വേൾഡ് കപ്പിനാണ് രാജ്യം ഒരുങ്ങുന്നത്. ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് 14 സ്റ്റേഡിയങ്ങൾ ആവശ്യമാണ്. ഇതിനുള്ള ഒരുക്കങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. സ്പെയിൻ, ബെൽജിയം, ചൈന തുടങ്ങി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. ഇതിനായി പ്രാദേശിക നിർമാണ സ്ഥാപനങ്ങൾക്ക് വിവിധ കരാറുകൾ നൽകിയിട്ടുണ്ട്.
ഉദ്ഘാടനത്തിനും ഫൈനൽ മത്സരങ്ങൾക്കുമായി 80,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണ് നിർമിക്കുന്നത്. സെമിഫൈനൽ മത്സരങ്ങൾക്ക് 60,000 പേർക്കും, ബാക്കി മത്സരങ്ങൾക്ക് 40,000 പേർക്കുള്ള സ്റ്റേഡിയങ്ങളുമാണ് ഒരുക്കുക. ഇവയിൽ ഒരു സ്റ്റേഡിയം താൽക്കാലികമായി നിർമിക്കും. ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഡിയങ്ങൾ തയാറാക്കുന്നത്. ഇതിനുള്ള കോടിക്കണക്കിന് ഡോളറിന്റെ കരാറുകളും കഴിഞ്ഞ മാസങ്ങളിൽ നൽകിയിരുന്നു.