
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് പുതിയ മാർഗം ഒരുക്കി ദേവസ്വം(Sabarimala Darshan). ഫ്ലൈ ഓവര്‍ കയറാതെ ദര്‍ശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം അയ്യപ്പന്മാർക്ക് സമയം ലാഭിക്കാനാകുമെന്നാണ് റിപ്പോർട്ട്.
പുതിയ സൗകര്യ പ്രകാരം ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ കൊടിമരച്ചുവട്ടില്‍ എത്തി ശ്രീകോവിലിന് മുന്നിൽ എത്താം. ശേഷം കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കല്‍പ്പുര കയറി ദർശനം നടത്താം.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കിയിരിക്കുന്ന ഈ സൗകര്യത്തിൽ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പന്മാർക്ക് ദർശനത്തിന് കൂടുതല്‍ സമയം ലഭിക്കും. വിഷുപൂജയ്ക്ക് എത്തുന്ന ഭക്തരുടെ തിരക്കിൽ പുതിയ സൗകര്യം ഫലപ്രദമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു.