
ബ്രഹ്മചര്യാനിഷ്ഠനായ അയ്യപ്പ സങ്കല്‍പ്പമാണ് ശബരിമലയിലേത്. ശബരിമലയിൽ അയ്യപ്പനോളം പ്രാധാന്യമുള്ള ദേവിപ്രതിഷ്ഠയാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പുരാണ കഥയുണ്ട്. അയ്യപ്പന്‍ മോക്ഷം കൊടുത്ത രാക്ഷസ രൂപിയായ മഹിഷി സുന്ദരിയായ സ്ത്രീമായി പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.(Malikapurathamma)
ത്രിമൂർത്തികളുടെ അംശം ഒന്നുചേർന്ന് അത്രിമഹർഷിയുടെ അനസൂയയുടെയും പുത്രനായി പുരാണ പ്രസിദ്ധനായ ദത്താത്രേയൻ ജനിച്ചു. സരസ്വതി ലക്ഷ്മി പാർവതി എന്നീ ത്രിശക്തികൾ ഒന്നുചേർന്ന് ഗാലവ മഹർഷിയുടെ പുത്രിയായി ലീലയും പിറന്നു. ദത്താത്രേയനും ലീലയും തമ്മിലുള്ള വിവാഹം നടക്കുകയും പിന്നീട് ഒരവസരത്തിൽ ദത്താത്രേയന്റെ ശാപത്താൽ ലീല മഹിഷി ആയിത്തീർന്നു. മഹിഷിയായി മാറിയ ലീല ദേവലോകത്തിലെയും ഭൂമിയിലെയും ജീവജാലങ്ങളെ വളരെയധികം കഷ്ട്ടത്തിലാഴ്ത്തിയിരുന്നു.
പുലിപ്പാലിനായി അയ്യപ്പൻ കാട്ടിലേക്ക് പോയവേളയിൽ മഹിഷിയുമായി ഏറ്റുമുട്ടുകയും. രാക്ഷസരൂപിയായ മഹിഷിയെ അയ്യപ്പൻ നിഗ്രഹിച്ച് ശാപമോക്ഷം നൽകി. ശാപത്തിൽ നിന്നും മോക്ഷം നേടിയ മഹിഷി സുന്ദരിയായ ഒരു സ്ത്രീയായി മാറുകയും അയ്യപ്പനോട് തന്നെ വിവാഹം കഴിക്കാൻ അഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ അയ്യപ്പൻ മഹിഷിയുടെ അഭ്യർഥന നിരസിച്ചിരുന്നു. അയ്യപ്പന്റെ വാമഭാഗത്ത് അല്‍പം മാറി മാളികപ്പുറത്തമ്മയായി മഹിഷി കുടികൊള്ളുമെന്നു അരുൾചെയ്തു. നിത്യബ്രഹ്മചാരിയായ അയ്യപ്പൻ, തന്നെക്കാണാൻ കന്നി അയ്യപ്പൻമാർ ആരും വരാതിരിക്കുന്ന കാലത്ത് മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് വാക്ക് നൽകിയതായാണ്.
അയ്യപ്പനെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നതായി പരാമർശിക്കപ്പെടുന്ന ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ. കൂടാതെ ശക്തി സ്വരൂപിണിയായ മധുര മീനാക്ഷിയായും ഭഗവതി ആരാധിക്കപ്പെടുന്നുണ്ട്. ഇങ്ങനെ 2 ഭാവങ്ങളാണ് മാളികപ്പുറം ഭഗവതിക്ക് ഉള്ളത്. മാളികയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ആലയത്തിൽ കുടികൊള്ളുന്നതിനാലാണ് മാളികപ്പുറത്തമ്മ എന്നറിയപ്പെടുന്നത്.
കന്നി അയ്യപ്പന്മാർ ശബരിമലയിൽ വരാതിരിക്കുമ്പോൾ അയ്യപ്പനും മാളികപ്പുറത്തമ്മയും വിവാഹിതരാകുമെന്നാണ് ശബരിമലയിലെ മറ്റൊരു വിശ്വാസം. മാളികപ്പുറത്തെ ഉത്സവത്തിന്റെ അവസാനദിനം മാളികപ്പുറത്തമ്മ ശരംകുത്തിയിലേക്ക് കൊട്ടും വാദ്യവുമായി എഴുന്നള്ളി കന്നി അയ്യപ്പന്മാർ തറച്ച ശരം ഉണ്ടോ എന്ന് നോക്കുന്നതും ശരം ഉണ്ടെന്നു ബോധ്യപ്പെട്ടു നിശബ്ദമായി വിഷമിച്ചു തിരിച്ചുപോകുന്നതും ഇതുമായി ബന്ധപെട്ട ശബരിമലയിലെ ഒരു ആചാരം ആണ് എന്നാണ് വിശ്വാസം.
ധർമ്മശാസ്താവിന്റെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നതിന് വടക്കുഭാഗത്ത് ഏകദേശം ഇരുന്നൂറു മീറ്റർ മാറിയാണ് മാളികപുറത്തമ്മയുടെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. പിച്ചള പൊതിഞ്ഞ ശ്രീകോവിലിന്റെ ഭിത്തിയിൽ അഷ്ടലക്ഷ്മിമാരുടെ രൂപം കൊത്തിയിട്ടുണ്ട്. ആദ്യകാലത്ത് മാളികപ്പുറത്തമ്മയ്ക്ക് പീഠപ്രതിഷ്ഠ മാത്രമാണ് ഉണ്ടായിരുന്നത്. പിൽകാലത് ഇപ്പോൾ കാണുന്ന രീതിയിൽ ക്ഷേത്രം പുനർനിർമ്മിക്കുകയിരുന്നു. ശ്രീകോവിലിലെ ദേവിയുടെ പൂർണ്ണരൂപത്തിന് നാല് കൈകൾ ഉണ്ട്, ഓരോ കയ്യിലും ചക്രം, ശംഖ്, അഭയം, മുദ്ര എന്നിവയും ഉണ്ട്. നിലവിൽ വിഗ്രഹം സ്വർണ്ണത്തിൽ പൊതിഞ്ഞതാണ്. അതുപോലെ ക്ഷേത്രത്തിന്റെ മേൾക്കൂരയും സോപാനവും സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട്.
കന്നി അയ്യപ്പൻമാർ ആരും വരാതിരിക്കുന്ന കാലത്ത് മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് അയ്യപ്പൻ വാക്ക് നൽകി എന്ന ഐതീഹ്യവുമായി ബന്ധപ്പെട്ട് ശബരിമലയിൽ മകരവിളക്ക് ഉത്സവം സമാപിച്ച ശേഷം രാത്രിയിൽ നടത്തുന്ന ചടങ്ങാണ് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത്. പാണ്ട്യ പാരമ്പര്യമുള്ള പന്തളത്തെ രാജാവ് തൻ്റെ കുലദൈവമായി ആരാധിക്കുന്ന മധുരമീനാക്ഷി ഭഗവതിയാണ് മാളികപ്പുറത്തമ്മയെന്നാണ് മറ്റൊരു ഐതീഹ്യം. ഇപ്രകാരം പരാശക്തി സങ്കൽപ്പവും മാളികപ്പുറം ക്ഷേത്രത്തിൽ ഉണ്ട്