തിരുവനന്തപുരം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറുകയായിരുന്നു. തുടർന്ന് വാഹനം തലകീഴായി മറിഞ്ഞു.(Vehicle carrying Sabarimala pilgrims overturns in Thiruvananthapuram)
വാഹനത്തിലുണ്ടായിരുന്ന മുഴുവൻ തീർത്ഥാടകരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസവും ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു.
ഇന്നലെ മുണ്ടക്കയം അമരാവതിയിലാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വീണ്ടും അപകടമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടന പാതയിൽ സുരക്ഷയും ജാഗ്രതയും വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് തുടർച്ചയായ ഈ അപകടങ്ങൾ വിരൽ ചൂണ്ടുന്നത്.