പത്തനംതിട്ട: പുണ്യമായ വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ മണ്ഡലകാലത്തിന് തുടക്കമായി. മണ്ഡലകാലത്തെ ആദ്യത്തെ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ നടത്തി എന്നത് ഈ ദിവസത്തെ പ്രധാന പ്രത്യേകതയായി. രാഷ്ട്രപതി സന്നിധാനത്ത് എത്തിയിരുന്നത് തുലാമാസ പൂജ വേളയിലായിരുന്നെങ്കിലും, അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഇന്ന് ഈ പ്രത്യേക അഭിഷേകം നടന്നത്.(First Oil anointing at Sabarimala in the name of the President )
വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് ശ്രീകോവിലിൻ്റെ നട തുറന്നത്. മണ്ഡലകാലത്തിൻ്റെ ആരംഭത്തെ തുടർന്ന് സന്നിധാനത്ത് ഇന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് അനുഭവപ്പെട്ടത്. അയ്യപ്പദർശനത്തിനായി തീർത്ഥാടകർ മണിക്കൂറുകളോളം കാത്തുനിന്നു.
ഡിസംബർ 26-നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. ഡിസംബർ 27-നാണ് മണ്ഡലപൂജ. 27-ന് രാത്രി നടയടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലം പൂർത്തിയാകും. ഡിസംബർ 30-ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കും.
ജനുവരി 14-നാണ് പ്രസിദ്ധമായ മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 20-ന് രാവിലെ നട അടയ്ക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിനും സമാപനമാകും.