

എരുമേലി: വൃശ്ചികം കൺതുറന്നതോടെ ശബരിമല തീർത്ഥാടനത്തിന്‍റെ പ്രധാന ഇടത്താവളമായ എരുമേലി തിരക്കിന്‍റെ നാടായി മാറി. വാദ്യമേളങ്ങളും സ്വാമിനാമങ്ങളും ഇടതടവില്ലാതെ മുഴങ്ങുന്ന എരുമേലിയിൽ മുദ്രയണിഞ്ഞ് വ്രതശുദ്ധിയിൽ സ്ഫുടംചെയ്ത മനസ്സുമായി ഭക്തരുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. തുലാം അവസാന ദിനം തന്നെ എരുമേലിയിൽ പേട്ട തുടങ്ങിയിരുന്നു.(Extensive arrangements made to control the flow of pilgrims and crowding in Erumeli )
തീർഥാടകരുടെ വാഹനങ്ങൾ നിറഞ്ഞതോടെ 12 പാർക്കിങ് മൈതാനങ്ങളിൽ പാതിയോളം നിറഞ്ഞു കഴിഞ്ഞു. ദേവസ്വം വലിയ മൈതാനത്ത് വൈകുന്നേരത്തോടെ വൻതോതിൽ വാഹനങ്ങൾ എത്തിച്ചേർന്നു.
വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ വരുന്ന തീർഥാടകർക്കായി ക്ഷേത്രത്തിലെ ഭഗവതി നടയ്ക്ക് സമീപം ദേവസ്വം ഓഫീസിനോട് ചേർന്ന് സ്‌പോട്ട് ബുക്കിങ് കൗണ്ടർ ഒരുക്കിയിട്ടുണ്ട്. ഇവിടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എരുമേലി ദേവസ്വത്തിന്‍റെ അപ്പം, അരവണ വിതരണ കൗണ്ടറുകളും മണ്ഡപത്തിനോട് ചേർന്ന് പ്രവർത്തനം തുടങ്ങി.
തീർഥാടകർക്കായി വിവിധ വകുപ്പുകളുടെ പ്രവർത്തനം ആരംഭിച്ചു. ഗതാഗതം ക്രമീകരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും നിരത്തുകളിൽ സജീവമായി. ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറുടെ മേൽനോട്ടത്തിൽ റവന്യൂ കൺട്രോൾ റൂം ഒരുക്കി. അഗ്‌നിരക്ഷാസേന, എക്സൈസ്, പോലീസ് കൺട്രോൾ റൂം എന്നിവ പ്രവർത്തനസജ്ജമായി. ദേവസ്വം ബോർഡ്, ശബരിമല അയ്യപ്പസേവാസമാജം, അയ്യപ്പസേവാ സംഘം എന്നിവയുടെ അന്നദാനകേന്ദ്രങ്ങളും ഭക്തർക്കായി പ്രവർത്തിച്ചു തുടങ്ങി.