തിരുവനന്തപുരം: മണ്ഡലകാലം ആരംഭിച്ചിട്ടും ശബരിമലയിൽ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.), ദ്രുതകർമ്മ സേന (ആർ.എ.എഫ്.) എന്നിവയുൾപ്പെടെയുള്ള കേന്ദ്ര സേനകളെ നിയോഗിക്കാത്തത് വൻ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. തിരക്ക് ക്രമാതീതമായി വർധിച്ചിട്ടും കേന്ദ്രസേനയുടെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.(Crowds in Sabarimala are out of control)
കേന്ദ്രസേനകളെ ശബരിമലയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ ഈ കത്തിൽ കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ല. മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് സേനകളെ നിയോഗിക്കുന്ന പതിവ് ഇത്തവണ തെറ്റി.
നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി., പോലീസ് ക്രമീകരണങ്ങൾ പൂർണ്ണമായും താളം തെറ്റി. സന്നിധാനത്തേക്കുള്ള ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്നു. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. ഇതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
മണിക്കൂറുകളോളം ക്യൂവിൽ നിന്നിട്ടും ദർശനം ലഭിക്കാതെ നിരവധി ഭക്തർ ഇന്ന് രാവിലെ ശബരിമലയിൽനിന്ന് മടങ്ങി. ബാംഗ്ലൂർ, സേലം തുടങ്ങിയ സ്ഥലത്ത് നിന്നുള്ള ഭക്തരാണ് ദർശനം ലഭിക്കാതെ മടങ്ങിയവരിൽ അധികവും. ദർശനം ലഭിക്കാതെ മടങ്ങിയ ഭക്തർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി.
നിലയ്ക്കലിൽ നിന്ന് വാഹന സൗകര്യങ്ങൾ ലഭിക്കാത്തതിനെത്തുടർന്നും നിരവധി തീർത്ഥാടകർ പന്തളത്ത് എത്തിച്ചേർന്നു. ഇവർ പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തി, മാല ഊരിയാണ് നാട്ടിലേക്ക് തിരിച്ചുപോയത്. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
ശബരിമല മണ്ഡലകാലത്ത് രണ്ടാമത്തെ ദിവസം തന്നെ അപ്രതീക്ഷിതമായി ഭക്തജനത്തിരക്ക് വർധിച്ചത് അപകടകരമായ രീതിയിലാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, പല ഭക്തരും ക്യൂവിൽ നിൽക്കാതെ ചാടി വരികയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുമെന്ന സൂചനയും ജയകുമാർ നൽകി. ഒരു മിനിറ്റിൽ 80 മുതൽ 90 പേർ പതിനെട്ടാം പടി കയറിയാൽ മാത്രമേ തിരക്ക് കൈകാര്യം ചെയ്യാൻ കഴിയൂ. നിലവിലെ സ്ഥിതിയിൽ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.
"രണ്ടാം ദിവസമായ ഇന്ന് ഇത്രയും തിരക്ക് അപ്രതീക്ഷിതമാണ്. ക്യൂവിൽ അധിക സമയം നിൽക്കേണ്ടി വരുന്നതുകൊണ്ടാണ് ഭക്തർ ചാടി വരുന്നത്. ഇങ്ങനെയൊരു ആൾക്കൂട്ടം ഇവിടെ വരാൻ പാടില്ലായിരുന്നു. ഇവരെ പതിനെട്ടാം പടി കയറ്റാൻ ചാർജ് ഓഫീസർക്ക് നിർദ്ദേശം നൽകി."ക്യൂ കോംപ്ലക്സുകളുടെ ഉദ്ദേശം നടക്കുന്നില്ല. ഭക്തർ അവിടെ കയറുന്നില്ലെന്ന് പോലീസ് പറയുന്നു. ഭക്തർക്ക് ബിസ്കറ്റ് മാത്രമല്ല, കൂടുതൽ കാര്യങ്ങൾ നൽകിയാൽ ആളുകൾ അവിടെ കയറി ഇരിക്കും. ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ലക്സിൽ ഇരുത്തണം. അനൗൺസ്മെൻ്റ് വഴി അറിയിച്ചാൽ അവർക്ക് ബോധംകെട്ട് വീഴുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലിൽ ആളുകളെ കൂടുതൽ സമയം നിർത്തുന്നതിൽ തെറ്റില്ല. ഇവിടെ 7 അഡീഷണൽ ബൂത്തുകൾ സ്പോട്ട് ബുക്കിങ്ങിനായി സ്ഥാപിക്കും. അതേസമയം പമ്പയിലേക്കുള്ള സ്പോട്ട് ബുക്കിങ് കുറയ്ക്കും. ഓൺലൈൻ ബുക്കിങ് ആദ്യ ദിവസം തന്നെ തീർന്നിരുന്നു. പമ്പയിൽ ആളുകളെ അധികം സമയം നിർത്തുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കത്ത് നൽകി.
കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നം പരിഹരിക്കാൻ 200 പേരെ അധികമായി നിയമിച്ചു. നാല് മണിക്കൂറായി ക്യൂവിൽ നിൽക്കുന്നവർക്ക് വെള്ളം ഉറപ്പാക്കും. ശുചിമുറികൾ വൃത്തിയാക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് 200 പേരെ അധികമായി എത്തിക്കും. ജീവനക്കാരുടെ മെസ് 21-ന് മാത്രമേ തയ്യാറാവുകയുള്ളൂ. അതുവരെ അവർക്ക് അന്നദാന മണ്ഡപത്തിൽ അന്നദാനം നൽകും.
തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്രസേന ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ബന്ധപ്പെടും. പമ്പ മലിനമാണെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ട്. ഇത് വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. അതേസമയം, കനത്ത തിരക്ക് കാരണം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ഇവർ പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് മടങ്ങിയത്.