
ഇന്ന് ജനുവരി 26, 76-ാം റിപ്പബ്ലിക് ദിനത്തിൻ്റെ നിറവിൽ ഇന്ത്യ. ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തെ അടയാളപ്പെടുത്തിയാണ് രാജ്യം എല്ലാ വർഷവും ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനം ആചരിക്കുന്നത്. ഇന്ത്യയുടെ അഖണ്ഡതയും ജനാധിപത്യത്തിൻ്റെ ശക്തിയുടെയും ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക്ക് ദിനവും (Republic Day 2025). ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിൻ്റെ നിയമസംഹിതയാണ് ഭരണഘടന.
1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരിൽ നിന്ന് മോചനം നേടിയെങ്കിലും പൂർണ്ണാർത്ഥത്തിൽ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നതോടെയാണ്. വേർതിരിവുകളും വിവേചനങ്ങളുമില്ലാതെ രാജ്യത്ത് ഓരോ പൗരനും ജീവിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കുവാനും തങ്ങളുടെ സാമൂഹിക, സാംസ്കാരിക, മതമൂല്യങ്ങളെ മുറുകെ പിടിക്കാനുള്ള അവസരവും അവകാശവും നൽകുന്നു നമ്മുടെ ഭരണഘടന. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയിൽ രാജ്യം കടപ്പെട്ടിരിക്കുന്നത് ഈ പരമോന്നത നിയമ സംഹിതയോടാണ്. ജനനം മുതൽ മരണം വരെ ഓരോ പൗരൻ്റെയും കാവലാളായി നിലകൊള്ളുന്നു രാജ്യത്തിൻ്റെ ഭരണഘടന. ഭരണഘടനയുടെ ഓരോ താളിനെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഓരോ റിപ്പബ്ലിക് ദിനവും പകർന്ന് നൽകുന്നത്. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950 ല്‍ അംഗീകരിച്ചത്.
1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നു, എന്നാൽ ഒരൊറ്റ ദിവസം കൊണ്ട് രൂപംകൊണ്ടതല്ല നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടന. നൂറ്റാണ്ടുകളുടെ അടിമത്വത്തിൻ്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് ഇന്ത്യ എന്ന രാഷ്ട്രത്തിൻ്റെ പിറവി. സ്വരാജിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തിൻ്റെ ഭാഗമായി 1929 ഡിസംബർ 29 ന് ലാഹോറിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് അഥവാ സമ്പൂർണ്ണ സ്വയംഭരണം അതിൻ്റെ ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ജനുവരി 26 ന് സ്വരാജ് ദിനമായി ആചരിക്കുവാൻ തീരുമാനിക്കുന്നു. 1930 ജനുവരി 26 ന് ആദ്യമായി സമ്പൂർണ്ണ സ്വാതന്ത്ര്യം ആചരിച്ചു.അങ്ങനെ 1947 വരെ ജനുവരി 26 ന് സ്വരാജ് ദിനമായി ആചരിക്കുന്നു. നൂറ്റാണ്ടുകളുടെ പോരാട്ടത്തിൻ്റെ ഫലമായി 1947 ഓഗസ്റ്റ് 15 ന് ബ്രിട്ടീഷ് കോളനി ഭരണം ഒഴിയുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു. എന്നാൽ അത് തീർത്തും സമ്പൂര്‍ണ്ണമായിരുന്നില്ല. കാരണം രാജ്യത്തിൻ്റെ ഭരണനിർവ്വഹണത്തിനായി ഒരു ഭരണഘടനയുണ്ടായിരുന്നില്ല. 1947 മുതല്‍ 1950 വരെയുള്ള വര്‍ഷങ്ങളില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. ആ കാലഘട്ടത്തിലെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി ആയിരുന്നു.
ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടന നിർമ്മിക്കുക എന്നത് കഠിനമായ ദൗത്യമായിരുന്നു. എല്ലാ പൗരന്മാരെയും അഭിസംബോധന ചെയ്യാൻ കഴിയുന്ന ഒരു ഭരണഘടന, ജാതി, മത വർണ്ണ വർഗ്ഗ വേർതിരിവില്ലാതെ എല്ലാ മനുഷ്യരെയും ഒരു നൂലിൽ കോർത്തിണക്കുവാൻ കഴിയുന്ന ഭരണഘടനയായിരുന്നു ഇന്ത്യയ്ക്ക് ആവശ്യം. ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണത്തിനായി ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി, ഡോ. ബി ആർ അംബേദ്കർ തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ നേതാക്കളടക്കം 389 അംഗങ്ങളുമായി 1946 ഡിസംബർ 6 ന് ഭരണഘടന അസംബ്ലി രൂപീകൃതമായി. ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് ഇന്ത്യൻ ഭരണഘടന അസംബ്ലിയുടെ അംഗങ്ങൾ 299 ആയി ചുരുങ്ങിയിരുന്നു. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള ഒരു ഭരണഘടന നിർമ്മാണത്തിനായി ഒരു അസംബ്ലിയെ ചുമതലപ്പെടുത്തി. ഡോ രാജേന്ദ്ര പ്രസാദ് ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷനായും ഡോ. ബി.ആർ. അംബേദ്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനായും നിയമിതനായി. ഭരണഘടനാ അസംബ്ലി 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നു, തുടർന്ന് 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നു.
ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുവാൻ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയ്ക്ക് ഏകദേശം 2 വർഷവും 11 മാസവും 17 ദിവസവും വേണ്ടിവന്നു. ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായ ഡോ.ബി.ആർ. അംബേദ്കർ 1948 ഫെബ്രുവരി 21 ന് ഭരണഘടനയുടെ ആദ്യ കരട് സമർപ്പിച്ചു. ഒന്നിലധികം പുനരവലോകനങ്ങൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഭരണഘടനാ അസംബ്ലി 1949 നവംബർ 26 ന് ഭരണഘടനയുടെ അന്തിമ കരട് അംഗീകരിച്ചു. 1950 ജനുവരി 26 ന് ഭരഘടന പ്രാബല്യത്തിൽ വരുന്നു.ഭരണനിർവ്വഹണത്തിന് വേണ്ടി മാത്രമായി എഴുതിയുണ്ടാക്കിയതായിരുന്നില്ല ഭരണഘടനയെ മറിച്ച് ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ പോരാട്ടത്തിൻ്റെ സാക്ഷിപത്രമാണ് ഇന്ത്യൻ ഭരണഘടന. അടിച്ചമർത്തലിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ഭരണഘടന.