ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണസഭ | Republic Day 2025

ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണസഭ | Republic Day 2025
Published on

എല്ലാ വർഷവും ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആചരിക്കുന്നു. നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനമാണ് ജനുവരി 26. ഒരുപാട് മനുഷ്യരുടെ കഠിനാധ്വാനത്തിൻ്റെ നേർചിത്രമാണ് ഭരണഘടനയുടെ ഓരോ ഏടുകളും. രണ്ടു വർഷത്തിൽ അധികം വേണ്ടിവന്നു ഭരണഘടനയുടെ പൂർണ്ണനിർമ്മാണത്തിന്. ഇന്ത്യ എന്ന രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന വേണമെന്നത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപുള്ള ആവശ്യമായിരുന്നു (Republic Day 2025). ഒരുപാട് മനുഷ്യരുടെ ദീർഘവീക്ഷണവും കാര്യക്ഷമതയുമാണ് ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ ഭരണഘടനയുടെ പിറവിക്ക് കാരണമായി തീർന്നത്.

ഇന്ത്യയുടെ ഭരണഘടന നിർമ്മാണസഭ (Constituent Assembly) രൂപംകൊണ്ടത് 1946 ലെ കാബിനറ്റ് മിഷൻ പദ്ധതിയനുസരിച്ചാണ്. ഭരണഘടനയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9ന് ദില്ലിയിൽ ചേർന്നു. പാക്കിസ്ഥാൻ രൂപവത്കരിക്കുമെന്ന് ഉറപ്പുലഭിക്കാതെ ഭരണഘടന സഭയിൽ പങ്കെടുക്കില്ലെന്നായിരുന്നു മുസ്ലിം ലീഗിൻ്റെ നിലപാട്. എന്നിരുന്നാലും സഭയുടെ അധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുക്കയും ഭരണഘടനയുടെ വിവിധ വിഭാഗങ്ങൾ എഴുതിയുണ്ടാക്കുന്നതിനായി സബ് കമ്മറ്റികൾ രൂപവത്കരിക്കുകയും ചെയ്തു.

1948 ജൂണിനു മുമ്പ് ബ്രിട്ടൻ ഇന്ത്യവിടുമെന്ന് 1947 ഫെബ്രുവരി 20ന് പ്രഖ്യാപിച്ചു. കോൺഗ്രസ്സും മുസ്ലീം ലീഗും തമ്മിൽ യോജിച്ച് ഒരു തീരുമാനമെടുക്കുന്നില്ലെങ്കിൽ അധികാരകൈമാറ്റത്തിനുള്ള പദ്ധതിയും ബ്രിട്ടൻ പ്രഖ്യാപിച്ചു. ആ പദ്ധതിയുടെ അടിസ്ഥാനത്തിൽ തന്നെ ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാക്കിസ്ഥാനെന്നും രണ്ടായി വിഭജിക്കാമെന്ന് കോൺഗ്രസ്സും മുസ്ലീം ലീഗും സമ്മതിച്ചു. ഇതേ തുടർന്ന് 1947 ഓഗസ്റ്റ് 15 മുതൽ രണ്ട് പരമാധികാര രാഷ്ട്രങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും നിലവിൽ വന്നു.

ഇന്ത്യൻ യൂണിയൻ്റെ ഭരണഘടന സഭ 1947 ഓഗസ്റ്റ് 14-ാം തീയതി രാത്രി ദില്ലിയിൽ സമ്മേളിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മൗണ്ട് ബാറ്റൻ പ്രഭുവിനെ ഗവർണർ ജനറലായും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീരുമാനിക്കുകയും ചെയ്തു.1947 ആഗസ്റ്റ് 29-ന് ഭരണഘടന അസംബ്ലി ഇന്ത്യയുടെ കരട് ഭരണഘടന തയ്യാറാക്കുന്നതിനായി കമ്മിറ്റിക്ക് രൂപം നൽകി. ഡോ. അംബേദ്കർ അധ്യക്ഷനായും എൻ ഗോപാല സ്വാമി അയ്യങ്കാർ, കെ.എം. മുൻഷി, എൻ മാധവറാവു, മുഹമ്മദ് സാദുള്ള, ടി.ടി. കൃഷ്ണമാചാരി എന്നിവർ അംഗങ്ങളുമായിരുന്നു. കമ്മിറ്റിയുടെ ഭരണഘടന ഉപദേഷ്ടാവായി ബി.എൻ. റാവു നിയമിക്കപ്പെട്ടു.

പുതിയ ഭരണഘടന കോൺസ്റ്റിറ്റുവന്റ് അസംബ്ലി മൂന്നുവർഷത്തോളം നടത്തിയ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി 1949 നവംബർ 26-ാം തീയതിയോടുകൂടി ഭരണഘടന പൂർണ്ണ രൂപത്തിലായി. എങ്കിലും 1950 ജനുവരി 26-ാം തീയതിയാണ് അത് പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ്- പരിപൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയതിൻ്റെ ഇരുപതാം വാർഷികദിനമായിരുന്നു എന്നതാണ് 1950 ജനുവരി 26 ൻ്റെ പ്രാധാന്യം. അന്നുമുതൽ ആ ദിനം ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായും ആചരിച്ചു വരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com