

1950 ജനുവരി-26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന് സ്മരണ പുതുക്കാനാണ് എല്ലാ വർഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അന്നാണ് ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്. അപ്പോൾ ചിലർക്ക് സംശയം തോന്നിയേക്കാം, ആഗസ്റ്റ്-15 ന് അല്ലേ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്. ശരിയാണ്, ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആഗസ്റ്റ് 15 നാണ്. എന്നാൽ അന്ന് ഇന്ത്യയ്ക്ക് സ്വന്തമായ ഭരണഘടന (Constitution) ഉണ്ടായിരുന്നില്ല. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പരിഷ്കരിച്ചു കൊണ്ടാണ് അന്ന് ഭരണം നടന്നത്. സ്വാതന്ത്ര്യവും, പരമാധികാരവും ജനങ്ങളിലേക്കെത്താൻ നമുക്ക് സ്വന്തമായ ഭരണഘടന വേണമെന്ന് ഭരണകർത്താക്കൾക്ക് മനസ്സിലായി. അങ്ങനെയാണ് 1947 ആഗസ്റ്റ് 29 ന് ഭരണഘടന തയ്യാറാക്കുവാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കുന്നത്. ഡോ ബി.ആർ അംബേദ്കർ ആയിരുന്നു കമ്മിറ്റിയുടെ ചെയർമാൻ. (REPUBLIC DAY 2025)
ഭരണഘടനയുടെ ഒരു കരട് രൂപം 1947 നവംബർ 4 ന് കമ്മിറ്റി അസംബ്ലിയിൽ സമർപ്പിച്ചു. തുടർന്ന് ഭരണഘടനയുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അസംബ്ലി തുടർച്ചയായ ദിവസങ്ങളിൽ സമ്മേളനം കൂടി. ഒടുവിൽ കരട് രൂപത്തിൽ നിന്നും ചില മാറ്റങ്ങളോടെ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 24 ന് 395 ആർട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് അസംബ്ലി അംഗീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം അതായത് ജനുവരി 26 ന് ഭരണഘടന നിലവിൽ വരുന്നു. ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്ര പ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒപ്പിട്ടു. അങ്ങനെ 1950 ജനുവരി 26 ന് ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന പദവിയിലേക്ക് ഉയർന്നു. അതായത് ഒരു റിപ്പബ്ലിക് രാജ്യമായി മാറി. ജനങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന ഭരണത്തലവന്മാരാൽ ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഭരണം നടത്തുന്ന രാജ്യമെന്നർത്ഥം. ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ടാണ് എല്ലാ കൊല്ലവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം വിപുലമായി രാജ്യം ആഘോഷിക്കുന്നത്.