
ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ പ്രോട്ടീൻ, ഫൈബർ, നിയാസിൻ, പൊട്ടാസ്യം, അയേൺ, ആൽക്കലോയ്ഡുകൾ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ കർക്കടക മാസത്തില്‍ ശരീര പുഷ്ടിയ്ക്കും, നല്ല നിറത്തിനും ആരോഗ്യത്തിനും കഴിക്കാം ഉലുവാ ലേഹ്യം. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഉലുവ - 100 ഗ്രാം
പനംചക്കര - 500 ഗ്രാം
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
കുരുമുളക് - 1 ടീസ്പൂൺ
ഉപ്പ് - 1/4 ടീസ്പൂൺ
തേങ്ങാപ്പാൽ (ഒന്നാം പാൽ): 3/4 കപ്പ്
തേങ്ങാപ്പാൽ (രണ്ടാം പാൽ ): 2, 1/2 കപ്പ്
നെയ്യ് - 2 ടേബിൾസ്പൂൺ
ഏലക്കപൊടി - 1 ടീസ്പൂൺ
ചുക്കുപൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഉലുവ വെള്ളത്തിലിട്ടു കുതിർത്തുക. ഒരു കുക്കറിൽ ഉലുവ ഊറ്റിയെടുത്ത് ഇതിൽ ജീരകം, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി ഇതിൽ അര ഗ്ലാസ് വെള്ളം ചേർത്ത് കുക്കറിൽ വേവിയ്ക്കുക. ഇത് ചൂടാറിയശേഷം മിക്സിയിൽ നല്ല പോലെ അരയ്ക്കുക. തേങ്ങാപ്പാൽ ചേർത്ത് വേണം അരയ്ക്കാൻ. പനംചക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക.
ഒരു പാത്രം ചൂടാക്കി ഇതിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അരച്ച ഉലുവ മിശ്രിതം ഇതിൽ ചേർത്ത് ഇളക്കുക. തീ കുറച്ചു വച്ചു വേണം ഇളക്കാൻ. ഇതിലേക്ക് പനംചക്കര ഉരുക്കിയതും ചേർക്കുക. ഇതു നല്ലപോലെ ഇളക്കി യോജിപ്പിക്കണം. ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. കാൽ ടീസ്പൂൺ ഉപ്പു ചേർക്കുക. രണ്ടാം പാൽ വറ്റിയാൽ ഒന്നാം പാൽ ചേർത്ത് ഇളക്കാം. ശേഷം ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്തിളക്കുക.
ഒന്നാം പാൽ വറ്റി മിശ്രിതം നല്ലപോലെ ഇളക്കി ലേഹ്യപ്പരുവമായാൽ വാങ്ങി വയ്ക്കാം. ജലാംശം തീരെയുണ്ടാകരുത്. വെള്ളമുണ്ടെങ്കിൽ ഇത് കേടായിപ്പോകും. ചൂടാറിയാൽ വായു കടക്കാത്ത കുപ്പിപ്പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം.
ദിവസവും രാവിലെയും രാത്രി കിടക്കാൻ നേരത്തും ഇത് കഴിയ്ക്കാം. ഇതിനൊപ്പം ഒരു ഗ്ലാസ് പാൽ കൂടി കുടിയ്ക്കാം. ശരീരത്തിന് ആരോഗ്യം നൽകാനും പുഷ്ടി നൽകാനുമെല്ലാം ഇത് ഏറെ നല്ലതാണ്. വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്.