കർക്കിടക മാസത്തിലെ വാവ് ബലി; പിതൃതർപ്പണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Vav sacrifice
Published on

കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമാണ് പിതൃതര്‍പ്പണനാള്‍. ദക്ഷിണായനവും ഉത്തരായനവും ഒത്തുചേര്‍ന്നു വരുന്ന ദിനമാണ് കര്‍ക്കിടകവാവ്. സൂര്യന്‍റെ ഗമനം അനുസരിച്ച് ഉത്തരായനത്തില്‍ സൂര്യന്‍ ദേവലോകത്തും ദക്ഷിണായനത്തില്‍ പിതൃലോകത്തുമാണ്. ഇതില്‍ ദക്ഷിണായത്തിന്‍റെ തുടക്കമാണ് കര്‍ക്കിടകവാവ് എന്നാണു വിശ്വാസം. മണ്മറഞ്ഞ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മമാണ്‌ ശ്രാദ്ധം. പൂര്‍വ്വികര്‍ക്ക് പിൻതലമുറ നല്‍കുന്ന സമര്‍പ്പണമാണ് പിതൃതര്‍പ്പണം.

ദേവന്മാരേക്കാൾ മുമ്പ് പ്രസാദിപ്പിക്കേണ്ടത് പിതൃക്കളെയാണെന്നാണ് ശാസ്ത്രം പറയുന്നത്. പിതൃകർമ്മം വേണ്ടവിധം ചെയ്യാത്തവർ ചെയ്യുന്ന ദേവപൂജകൾക്കൊന്നും യഥാർത്ഥ ഫലം ലഭിക്കില്ല. എല്ലാ അനുഗ്രഹങ്ങൾക്കും പിതൃപ്രീതിയുള്ളവർ മാത്രമേ അർഹരാകൂ. ആരോഗ്യം, വിദ്യ, സമ്പത്ത്, കുടുംബം ഇവയെല്ലാം പിതൃക്കളെ ആശ്രയിച്ചിരിക്കുന്നു എന്നാണു വിശ്വാസം. അറിയുന്നതും അറിയാത്തതുമായ പിതൃക്കൾക്കായി, സർവ്വ ചരാചരങ്ങൾക്കുമായാണ് സാധാരണ പിണ്ഡം വയ്ക്കുന്നത്. അതുകൊണ്ട് അച്ഛനുമമ്മയും ജീവിച്ചിരിക്കുന്നവര്‍ അവർക്കൊഴിച്ച് മറ്റു പിതൃക്കൾക്കായി കൃത്യമായി പിണ്ഡകർമ്മം ചെയ്യേണ്ടതുണ്ട്.

ബലിതർപ്പണം

നാം കൃത്യമായി പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മിലെ പിതൃകോശങ്ങൾ സംതൃപ്തമാകുകയും നമുക്ക് അറിവും ആരോഗ്യവും സമൃദ്ധിയും നൽകുന്ന അനുഗ്രഹങ്ങൾക്ക് നമ്മിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. അരി വേവിച്ച് ശര്‍ക്കര, തേന്‍, പഴം, എള്ള്, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ച് കവ്യം ഉരുട്ടി പിണ്ഡം സമര്‍പ്പിക്കുന്നതാണ് പിതൃതര്‍പ്പണത്തില്‍ ചെയ്യുന്നത്. ഇതിനെ ബലി തര്‍പ്പണം എന്നും പറയുന്നു. മൂന്ന് ഇഴ ദര്‍ഭ ചേര്‍ത്ത് കെട്ടിയ പവിത്രം കൈയ്യിലണിഞ്ഞാണ് ബലി അര്‍പ്പിക്കുന്നത്.

ആചാരങ്ങള്‍

ശ്രാദ്ധമൂട്ടുന്നതിന് തലേദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കണം. അതിന് കഴിയാത്തവര്‍ ഒരു നേരം അരിഭക്ഷണവും ബാക്കി രണ്ട് നേരം ഗോതമ്പ് ആഹാരം കഴിക്കുക. രാവിലെയെഴുന്നേറ്റ് മുങ്ങിക്കുളിച്ച് ഈറനോടെ ആചാര്യന്റെ മുന്നില്‍ ഒരു മുട്ട് നിലത്ത് മുട്ടിച്ചിരുന്ന്, കൈയ്യില്‍ ദർഭകൊണ്ടുള്ള പവിത്രമണിഞ്ഞ്, മുന്നില്‍ എള്ളും പൂവും ചന്ദനവും വെയ്ക്കണം. വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിച്ച് വേണം ശ്രാദ്ധം ചെയ്യാന്‍. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്ന ശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്മാർ അപഹരിക്കുമെന്നാണ് സങ്കല്പം.

ശ്രാദ്ധം ഊട്ടുന്നതിന് മുമ്പ്

മണ്മമറഞ്ഞ പിതൃക്കളുടെ രുപം മനസ്സില്‍ സങ്കല്പിച്ച്, പിണ്ഡമുരുട്ടി, എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് 'ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക'' എന്ന പ്രാർത്ഥനയോടെ വേണം ശ്രാദ്ധം ചെയ്യാന്‍. ആചാര്യനില്ലാതെ ഒരിക്കലും ബലിയിടരുത്. ശ്രാദ്ധം ചെയ്തു കഴിഞ്ഞാല്‍ നാക്കില ഒഴുകുന്ന വെള്ളത്തില്‍ സമര്‍പ്പിച്ചു വീണ്ടും കുളിച്ച് ചെന്ന് ആചാര്യന് ദക്ഷിണ നല്ക്ണം.

പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയാത്തവർ വാവ്നാളില്‍ ബലിതര്‍പ്പണം നടത്താന്‍ ശ്രമിക്കണം. ഇതിനും കഴിഞ്ഞില്ലെങ്കില്‍ മത്സ്യം, മാംസം, മദ്യം, മൈഥുനം, മുദ്ര (പാചകം ചെയ്ത ധാന്യം) ഇവ വര്‍ജിക്കുക. വിഷ്ണു ഭജനം നടത്തുക. ഒപ്പം ശുദ്ധ വസ്ത്രം ധരിക്കുകയും ശ്രാദ്ധ ദിനത്തില്‍ അര്‍ഹിക്കുന്ന ഒരു സാധുവിന് അന്നദാനം നടത്തുകയും ചെയ്യുന്നത് ഉത്തമം.

കേരളത്തിലെ ഹിന്ദുക്കള്‍ക്ക് അതീവ പ്രാധാന്യമുളള ചടങ്ങാണ് കര്‍ക്കിടകത്തിലെ കറുത്തവാവിനു ആചരിക്കുന്ന വാവുബലി. ദേവന്മാരുടെ ദിനമെന്നും ഈ ദിനത്തെ വിളിക്കപ്പെടുന്നു. തീര്‍ത്ഥക്കരകളിലും, ക്ഷേത്രങ്ങളിലും മാത്രമല്ല വീടുകളിലും ബലിചടങ്ങുകള്‍ നടത്താവുന്നതാണ്.

കര്‍ക്കിടക വാവുബലി

കേരളത്തില്‍ പൗര്‍ണ്ണമിയെ വെളുത്തവാവെന്നും, അമാവാസി കറുത്തവാവെന്നും വിളിക്കപ്പെടുന്നു. ഇതിനാലാണ് കര്‍ക്കിടകത്തിലെ അമാവാസി നാളില്‍ നടക്കുന്ന ബലിചടങ്ങുകളെ കര്‍ക്കിടക വാവുബലി എന്ന് അറിയപ്പെടുന്നതും. ദക്ഷിണായകാലം ഹിന്ദുക്കളെ സംബന്ധിച്ച് പിതൃകാര്യങ്ങള്‍ക്ക് അനുയോജ്യമായതിനാല്‍ കര്‍ക്കിടകത്തിലെ കറുത്തവാവ് പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതേദിവസം ആടി അമാവാസി എന്നാണ് അറിയപ്പെടുന്നത്.

പിതൃപുണ്യം ലഭിക്കാന്‍ ദക്ഷിണായകാലത്തെ ചടങ്ങുകള്‍ കൂടുതല്‍ അനുയോജ്യമാണ് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഏതെങ്കിലുമൊക്കെ കാരണത്താല്‍ മരിച്ച ആളുടെ ആണ്ടുബലി മുടങ്ങിയിട്ടുണ്ടെങ്കില്‍ പരിഹാരം കൂടിയാണ് കര്‍ക്കിടകബലി. ദര്‍ഭ, എളള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം,ജലം,വാഴയില എന്നിവയാണ് പ്രധാന ബലികര്‍മ്മ വസ്തുക്കള്‍.

ബലിക്കാക്കകയും പിതൃക്കളും

ബലികാക്ക ബലി എടുത്താല്‍ പിതൃക്കള്‍ സന്തുഷ്ടരായി എന്നാണ് വിശ്വാസം. പിതൃക്കളാണ് ബലികാക്കയുടെ രൂപത്തില്‍ ബലി സ്വീകരിക്കാന്‍ എത്തുന്നതെന്നും വിശ്വസിക്കപ്പെടുന്നു. സാധാരണയായി കാണപ്പെടുന്ന രണ്ടുതരം കാക്കകളില്‍ വലിയ കാക്കയാണ് ബലികാക്ക.

ഇതുമായി ബന്ധപ്പെട്ട ഒരു നാട്ടു വര്‍ത്തമാനം ഉണ്ട്. 'പറന്നു പോകുന്ന കാക്കയെയും ആണ്ടിലൊരിക്കല്‍ വേണം'. ഈ ഭുമിയില്‍ ഓരോജീവിക്കും പ്രാധാന്യമുണ്ടെന്നും ജീവികള്‍ക്ക് പരസ്പരം സഹായമില്ലാതെ ജീവിക്കാനാവില്ലെന്നുമുളള പ്രകൃതി പാഠമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സന്തതിപരമ്പരയിലൂടെ ബലിതര്‍പ്പണം

മനുഷ്യജീവന് ഭൂമിയിലേക്ക് കടന്നുവരാന്‍ കാരണഭൂതരായ മാതാപിതാക്കന്മാരെയും പൂര്‍വ്വികരെയും അനുസ്മരിക്കാനും പൂജിക്കാനും ബന്ധം ഉറപ്പിക്കാനും ഉളള ചടങ്ങാണ് പിതൃതര്‍പ്പണം. ഒരാള്‍ അയാളുടെ മൂന്നു മുന്‍തലമുറയില്‍പ്പെട്ടവരെ ഓര്‍ക്കും എന്നതും ഇതിന്റെ പ്രത്യകതയാണ്. വാവുബലി കൃത്യമായി ആചരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും ആചരിക്കുന്നവര്‍ക്ക് ധനവും, സമൃദ്ധിയും, പുത്രനന്മയും ഉണ്ടാകും എന്നാണ് വിശ്വാസം.

പിതൃക്കളുടെ അനിഷ്ടം കൊണ്ട് ദുരിതങ്ങളും രോഗങ്ങളും ഉണ്ടാകുമെന്നും ഒരു വിശ്വസമുണ്ട്. അതിനാല്‍ അനിഷ്ടങ്ങള്‍ മാറാന്‍ അവരെ പ്രീതിപ്പെടുത്തേണ്ടത് ആവശ്യമാണ്. കര്‍ക്കിടകത്തിലെ വാവിന് സന്തതിപരമ്പരയുടെ ബലിതര്‍പ്പണവും പൂജയും പ്രതീക്ഷിച്ച് പൂര്‍വ്വികര്‍ എത്തുമെന്നാണ് വിശ്വാസം.

അമാവാസിവ്രതം

കര്‍ക്കിടകത്തിലെ അമാവാസിവ്രതം പ്രാധാന്യത്തോടെയാണ് ആചരിച്ചുവരുന്നത്. കറുത്തവാവിന്റെ ദിനത്തിലും തലേന്നും ഒരിക്കലെടുത്ത് വ്രതശുദ്ധിയോടെ ആചരിക്കേണ്ടാണ് അമാവാസി വ്രതം. മത്സ്യവും മാംസ്യവും ഉപേക്ഷിച്ചാണ് വ്രതം എടുക്കേണ്ടത്. അമാവാസിവ്രതം എടുക്കുന്ന വീടിന്റെ ശുദ്ധിയും പ്രാധാന്യമുളളതാണ്. പിത്യക്കളുടെ കോപം കൊണ്ട് ഉണ്ടാകുന്ന എല്ലാ ദോഷങ്ങളും പരിഹരിക്കാന്‍ ഈ വ്രതമെടുത്ത് പിതൃതര്‍പ്പണം യഥാവിധി നടത്തണം.

കര്‍ക്കിടക വാവിന്റെ ദിവസം പിതൃക്കള്‍ പിന്‍തലമുറയില്‍പ്പെട്ടവരെ കാണാനായി വീടുകളില്‍ എത്തുന്നു എന്നാണ് വിശ്വാസം. കറുത്തവാവിന് വീട്ടിലെത്തുന്ന പിതൃക്കളെ സന്തോഷിപ്പിക്കാനായി ഇഷ്ടഭക്ഷണം തയ്യാറാക്കി വിളക്കുകത്തിച്ച് ആദ്യം ആത്മാക്കള്‍ക്ക് വിളമ്പുന്ന ചടങ്ങുണ്ട്. ചിലയിടങ്ങളില്‍ ദാഹം തീര്‍ക്കല്‍ എന്നൊരു ചടങ്ങും ആചരിക്കുന്നു.

ബലിതര്‍പ്പണത്തിന്റെ ചടങ്ങുകള്‍

മരിച്ചവരുടെ ആത്മാക്കള്‍ക്ക് മദ്യം കുടിക്കാന്‍ വെക്കുന്ന ചടങ്ങാണിത്. വാവിനോടനുബന്ധിച്ചാണ് വാവട തയ്യാറാക്കുക, അരിയും, തേങ്ങയും, ശര്‍ക്കരയും ചേര്‍ത്ത് വാഴയിലയില്‍ ഉണ്ടാക്കുന്ന വാവടയുടെ മണം പിതൃക്കളെ സംതൃപ്തിപ്പെടുത്തും എന്നാണ് വിശ്വാസം. പിന്മുറക്കാര്‍ സമൃദ്ധിയിലാണ് ജീവിക്കുന്നതെന്ന സന്തോഷം പിതൃക്കള്‍ക്ക് ഉണ്ടാവാന്‍ വേണ്ടിയാണത്രെ വാവിവ് അട ഉണ്ടാക്കുന്നത്.

പിതൃപക്ഷം

ഭക്ഷണവും ജലവും നല്‍കി പിതൃക്കളെ ശ്രാദ്ധമൂട്ടി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. ഈ കാലയളവിനെയാണ് പിതൃപക്ഷം എന്നറിയപ്പെടുന്നത്. പിതൃക്കളെ ശ്രാദ്ധമൂട്ടാതെ, ഏതുവലിയ പുണ്യപ്രവര്‍ത്തി ചെയ്താലും അപൂര്‍ണ്ണമാണെന്നാണ് വിശ്വാസം. കര്‍ക്കിടകത്തിലെ വാവുബലിക്ക് സമാനമായ ചടങ്ങുകളും വിശ്വാസവുമാണ് വടക്കേ ഇന്ത്യയില്‍ ആചരിക്കുന്ന പിതൃപക്ഷശ്രാദ്ധവും മഹാലയശ്രാദ്ധപക്ഷവും.

പുരാണങ്ങള്‍ പ്രകാരം സൂര്യന്‍ തുലാരാശിയിലേക്ക് പ്രവേശിക്കുന്ന പിതൃപക്ഷത്തിന്റെ തുടക്കില്‍ മരണപ്പെട്ട പിതൃക്കളുടെ ആത്മാക്കള്‍ പിന്‍തലമുറക്കാരെ കാണാനായി ഒരു മാസക്കാലം ഭൂമിയിലേക്കെത്തും എന്നാണ് ഈ ചടങ്ങുകള്‍ക്കു പിന്നിലെ വിശ്വാസം. സൂര്യന്‍ വൃശ്ചികരാശിയില്‍ കടക്കുന്ന കാലയളവില്‍ പിതൃക്കള്‍ മടങ്ങും എന്നാണ് പറയപ്പെടുന്നത്.

പിതൃക്കളും പിതൃലോകവും

സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഇടയിലാണ് പിതൃലോകത്തിന്റെ സ്ഥാനം. മരണദേവന്‍ യമനാണ് നാഥന്‍. ഒരു തലമുറയിലെ മൂന്നുപേര്‍ക്കാണ് ഒരുസമയത്ത് ഇവിടെ സ്ഥാനം ഉണ്ടാകുക. പിതൃപൂജയും ശ്രാദ്ധമുട്ടലും ഇവര്‍ക്കാണ് ലഭിക്കുക. ഒരു പരമ്പരയിലെ ഒരാള്‍ മരിക്കുമ്പോഴാണ് പിതൃലോകത്തിലുളള മൂന്നില്‍ ഒരാത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത്. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആത്മാവ് പരമാത്മാവില്‍ ലയിച്ച് മുക്തി നേടും. സ്വര്‍ഗ്ഗലോകം കാത്തിരിക്കുന്ന പിതൃലോകത്തിലെ ആത്മാക്കളുടെ മുക്തിക്കുവേണ്ടിയാണ് പിതൃതര്‍പ്പണം നടത്തുന്നത്. പുത്രന്‍ വേണം പിതൃപക്ഷകാലത്ത് ശ്രാദ്ധം ഊട്ടേണ്ടത്. ഗരുഡപുരാണപ്രകാരം ഇത് നിര്‍ബന്ധമാണ്. മാര്‍ക്കണ്ഡേയ പുരാണപ്രകാരം ഗുണം, അറിവ്, ധനം, ആയുസ്, സ്വര്‍ഗ്ഗം എന്നിവ പിതൃതര്‍പ്പണത്തിന്റ ഫലങ്ങളാണ്.

Related Stories

No stories found.
Times Kerala
timeskerala.com