
നാലമ്പല ദർശനത്തിന്റെ മൂന്നാമത്തെ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം. കൂടൽമാണിക്യ ദർശനത്തിനുശേഷം 30 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിതെന്നു കരുതപ്പെടുന്നു. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ലെന്നും വിശ്വാസമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
കിഴക്കോട്ട് ദർശനമായി കാണപ്പെടുന്ന ലക്ഷ്മണനെ പൂർണ്ണപ്രതിഷ്ഠയോടെ പ്രധാനദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ, ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തി (ശിവൻ), ഗണപതി എന്നീ ശൈവസാന്നിദ്ധ്യവും ശ്രീരാമൻ, സീത, ഹനുമാൻ എന്നീ വൈഷ്ണവസാന്നിദ്ധ്യവും ഉണ്ട്. നാലമ്പലത്തിൽ തെക്ക് പടിഞ്ഞാറായി ശാസ്താവും ഭഗവതിയും പൂജിക്കപ്പെടുന്നു. ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്ത് വടക്കേ ദിശയിൽ ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്.
ദർശനക്രമം
ക്ഷേത്രത്തിൽ ദർശനത്തിൻ ഒരു പ്രത്യേക ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി, ദക്ഷിണാമൂർത്തി, മറ്റ് ദേവതകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയിൽ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക. പൂജാദികർമ്മങ്ങൾക്ക് ജലം സംഭരിക്കുവാൻ ക്ഷേത്രത്തിനകത്തുതന്നെ ഒരു കിണറുണ്ട്. പതിവായി എതൃത്തപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ മൂന്ന് പൂജകളും അനുബന്ധമായി മൂന്ന് ശ്രീബലികളുമുണ്ട്.
ദർശന സമയം:
രാവിലെ 5 മുതൽ 1 മണി വരെയും വൈകിട്ട് 5 മുതൽ 8.30 വരെയുമാണ് ദർശന സമയം. അവധി ദിനങ്ങളിൽ തിരക്ക് അനുസരിച്ച് 4.30 മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 9 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
വഴിപാടുകൾ:
മുഴുക്കാപ്പ്, പാൽപ്പായസം, ഗണപതിക്ക് ഒറ്റയപ്പം, ഉണ്ണിയപ്പം, അവൽ നിവേദ്യം, ശർക്കരപ്പായസം എന്നിവ പ്രധാനം. പാൽപായസം രാവിലെ മാത്രമേ ഉണ്ടാകൂ.
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ
കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് ഇരിങ്ങാലക്കുട ഠാണാവിലെത്തി വലത്തോട്ടു തിരിഞ്ഞ് വെള്ളാങ്ങല്ലൂരിലെത്തി ഇടത്തോട്ടുള്ള വഴി പോയാൽ കൊമ്പിടി-മാള-അന്നമനട – പൂവത്തുശേരി വഴി മൂഴിക്കുളത്ത് എത്താം.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അങ്കമാലി - 10 കിലോമീറ്റർ, ഏറ്റവും അടുത്തുള്ള പട്ടണം – ആലുവ / മാള – 16 കിലോമീറ്റർ.