
നാലമ്പല ദർശനത്തിലെ അവസാനത്തെ ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്ന ക്ഷേത്രം. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി നേടുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
തൃശ്ശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് നാലമ്പലങ്ങളിൽപ്പെട്ട ഈ ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തിൽ നിന്നും 6 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തിൽ ശത്രുഘ്നനാണ് പ്രധാന പ്രതിഷ്ഠ. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന നാൽ ചതുർബാഹുവിഗ്രഹങ്ങളിൽ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിൽ ശത്രുഘ്ന മൂർത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദർശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തിൽ ഹനുമത് സാന്നിദ്ധ്യം ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ സമാധാനവും മന:ശ്ശാന്തിയും സംതൃപ്തിയും വിശ്വാസികൾക്കു ലഭിക്കുന്നുവെന്നാണ് വിശ്വാസം.
ദർശന സമയം:
സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 9 വരെയും. തീർഥാടകരുടെ തിരക്ക് അനുസരിച്ച് നട അടയ്ക്കുന്നത് വൈകും.
പ്രധാന വഴിപാടുകൾ
സുദർശന പുഷ്പാഞ്ജലി, ശത്രുസംഹാര മന്ത്രാർച്ചന, സുദർശന ചക്രം നടയ്ക്ക് സമർപ്പിക്കൽ, പൂജിച്ച സുദർശന ചക്രം.
ക്ഷേത്രത്തിലേക്ക് എത്താൻ
മൂഴിക്കുളം ക്ഷേത്രത്തിൽ നിന്ന് പായമ്മലിലേക്ക് മൂഴിക്കുളം ജംഷനിൽ നിന്ന് പൂവത്തുശേരിയിലെത്തി അന്നമനട- കുമ്പിടി വഴി മാള റോഡിൽ പ്രവേശിച്ച ശേഷം വെള്ളാങ്ങല്ലൂരിലെത്തി പായമ്മൽ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാം. 29 കിലോമീറ്റർ ദൂരം.