
കർക്കടക മാസത്തിൽ ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിക്കാവുന്ന ഒരു വിഭവമാണു തുളസി രസം. ഇതിനെ ഒരു ഔഷധമായി കണക്കാക്കേണ്ട. സാധാരണ ചോറിനൊപ്പം ഉപയോഗിക്കുന്ന രസം പോലെ തന്നെ കഴിക്കാവുന്നതാണ്. തുളസി രസത്തിലെ പ്രധാന ചേരുവയായ തുളസിയില ചേർത്തുണ്ടാക്കുന്നതിനാൽ ശരീരത്തിന് ഇരട്ടി ഗുണമുണ്ടാകുന്നു. തുളസി രസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ചേരുവകൾ
വാളൻപുളി - നെല്ലിക്ക വലുപ്പത്തിൽ
കായം -ആവശ്യത്തിന്
തുവര പരിപ്പ് - ഒരു ടീസ്പൂൺ
ജീരകം - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പച്ച മല്ലി - ഒരു ടീസ്പൂൺ
കുരുമുളക് - ഒന്നര ടീസ്പൂൺ
തുളസി ഇല - കാൽ കപ്പ്
കടുക് - ഒരു ടീസ്പൂൺ
വെളിച്ചെണ്ണ - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഒരു കപ്പ് പുളി വെളളം ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് കായപ്പൊടിയും ഉപ്പും ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക. ഇതിലേക്ക് തുവരയും ജീരകവും കുരുമുളകും മല്ലിയും കൂടി നന്നായി അരച്ചു ചേർക്കുക.നന്നായി ഇളക്കിയതിന് ശേഷം തുളസിയില കൂടി അരച്ചു ചേർത്തിളക്കി യോജിപ്പിക്കുക. രസം നന്നായി തിളച്ചു കഴിയുമ്പോൾ വാങ്ങി വെയ്‌ക്കാം. ഇതിലേക്ക് കടുക് തളിച്ച് ഒഴിക്കുക.