
ഹനുമാന്‍ രാവണ സഭയില്‍
വായുപുത്രനായ ഹനുമാന്‍ രാക്ഷസരാജാവായ രാവണന്‍റെ രാജസഭയില്‍ നിര്‍ഭയം നിലകൊള്ളുന്നു. തന്നെ രാക്ഷസന്‍മാര്‍ പിടികൂടിയെങ്കിലും രാമനോടുള്ള അചഞ്ചലമായ സഖ്യം ഹനുമാന്‍ അവിടെയും കൈവിടുന്നില്ല. തന്‍റെ അധാര്‍മ്മിക വഴികള്‍ ഉപേക്ഷിച്ച് സീതയെ രാമന് തിരികെ നല്‍കാന്‍ ഹനുമാന്‍ രാവണനെ ഉപദേശിക്കുന്നു. ഹനുമാന്‍റെ ജ്ഞാനവും ധൈര്യവും ജീവിതത്തില്‍ ധര്‍മ്മത്തിന്‍റെ പാത പിന്തുടരേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശമാണ് ഈ ഭാഗത്തിലൂടെ നമുക്ക് നല്‍കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നില കൊള്ളേണ്ടതിന്‍റെ ആവശ്യകതയാണ് ഇവിടെ പറയുന്നത്.
ലങ്കാദഹനം
ഹനുമാന്‍ രാവണ സഭയില്‍ ഏറെ അപമാനിക്കപ്പെടുന്നു. പിന്നീട് ഹനുമാന്റെ വാലില്‍ തുണി ചുറ്റി തീ കൊളുത്തുന്നു. ഇത് തന്നെ തക്കമെന്ന് മനസിലാക്കിയ ഹനുമാന്‍ ആ തീ ഉപയോഗിച്ച് ലങ്കാപുരം മുഴുവന്‍ ചുട്ടുചാമ്പലാക്കുന്നു. അദ്ദേഹത്തിന്‍റെ വാല്‍ നീതിക്ക് വേണ്ടിയുള്ള ആയുധമാകുകയാണ് ഇവിടെ. നിരപരാധികളെ ശിക്ഷിക്കാതെ തിന്മകളെ അദ്ദേഹം ചുട്ടുചാമ്പലാക്കുന്നു. രാമന്‍റെ ദൗത്യത്തോടുള്ള ആത്മാര്‍പ്പണമാണ് ഹനുമാന്‍റെ ഈ പ്രവൃത്തിയിലൂടെ വെളിവാകുന്നത്. തടസങ്ങളെ ധൈര്യത്തിലൂടെയും ബുദ്ധിയിലൂടെയും അവസരങ്ങളാക്കി മാറ്റുക എന്ന വലിയ പാഠമാണ് ഈ ഭാഗം നമുക്ക് നല്‍കുന്നത്.
ഹനുമാന്‍റെ പ്രത്യാഗമനം
തന്‍റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഹനുമാന്‍ രാമനും വാനരസൈന്യത്തിനുമടുത്തേക്ക് തിരികെ എത്തുന്നു. സീതയെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്തയുമായാണ് ഹനുമാന്‍ എത്തുന്നത്. സീതാന്വേഷണ യാത്രയില്‍ താന്‍ നേരിട്ട വെല്ലുവിളികളും സാഹസികതകളും ഹനുമാന്‍ വിവരിക്കുന്നു. രാമനിലുള്ള അചഞ്ചലമായ ആത്മാര്‍പ്പണത്തിലൂടെ അതിനെയെല്ലാം തരണം ചെയ്‌തതിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ഹനുമാന്‍റെ മടങ്ങി വരവ് രാമ-രാവണ യുദ്ധത്തിലെ ഒരു വഴിത്തിരിവാകുന്നു. രാമന്‍റെ ഒപ്പം ഉള്ളവരില്‍ ഇത് ധൈര്യവും പ്രതീക്ഷയും പകരുന്നു.