അയോദ്ധ്യാകാണ്ഡത്തിലെ ഭരതന്‍റെ വനയാത്ര മുതൽ അത്രിയാശ്രമപ്രവേശം വരെ, രാമായണ പാരായണം ഒൻപതാം ദിവസം വായിക്കേണ്ട ഭാഗങ്ങൾ

ramayana parayana
Published on

രാമായണ പാരായണം ഒൻപതാം ദിവസം വായിക്കേണ്ടത് അയോദ്ധ്യാകാണ്ഡത്തിലെ ഭരതന്‍റെ വനയാത്ര മുതൽ അത്രിയാശ്രമപ്രവേശം വരെയാണ്. വളരെ ധാർമ്മികവും ആത്മീയവുമായ നിരവധി പാഠങ്ങൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്.

ഭരതന്‍റെ വനയാത്ര

ഭരതനും ശത്രുഘ്‌നനും ഒരു സംഘം സൈന്യവുമായി വനത്തിലേക്ക് പോയ രാമനെ തിരഞ്ഞ് പോകുന്നു. ഗംഗാ തീരത്തെത്തിയ ഭരതനെ നിഷാദ രാജാവായ ഗുഹന്‍ സംശയത്തോടെ വീക്ഷിക്കുന്നു. ഭരതന്‍റെ ഇംഗിതമറിയാന്‍ അദ്ദേഹം അടുത്ത് കൂടുന്നു. ഭരതന്‍റെ രാമഭക്തി മനസിലാക്കിയ ഗുഹന്‍ അദ്ദേഹത്തിന്‍റെ നല്ല ഉദ്ദേശ്യത്തെ മനസിലാക്കുന്നു. തന്‍റെ മാതാവിന്‍റെ പ്രവൃത്തി മൂലം രാമനും സീതയ്ക്കുമുണ്ടായ കഷ്‌ടതകളില്‍ ഭരതന്‍ ഖേദം പ്രകടിപ്പിക്കുന്നു. രാമനെ തിരികെ അയോധ്യയിലേക്ക് കൊണ്ടു വന്ന് കിരീടധാരണം നടത്തണമെന്ന തന്‍റെ ആഗ്രഹം ഭരതൻ പങ്കുവയ്ക്കുന്നു. ഗുഹന്‍ ഭരതനെയും കൂട്ടരെയും നദി കടക്കാന്‍ സഹായിക്കുന്നു. ഇവര്‍ പിന്നീട് ഭരദ്വാജാശ്രമത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹം അവരെ ഹാര്‍ദ്ദമായി സ്വീകരിക്കുന്നു. രാമനെ സേവിക്കാനുള്ള തന്‍റെ മനോഗതം അദ്ദേഹത്തെ ഭരതന്‍ ധരിപ്പിക്കുന്നു. രാമനെ കാട്ടിത്തരാമെന്ന് മഹര്‍ഷി ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഭരതന്‍ ഒടുവില്‍ രാമസന്നിധിയില്‍ എത്തിച്ചേരുന്നു.

ഭരതന്‍ രാമനെ അയോധ്യയിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കുകയും രാജ്യഭാരം ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. രാമന്‍റെ അഭിഷേകത്തിനാവശ്യമായ എല്ലാ വസ്‌തുക്കളുമായാണ് ഭരതന്‍ എത്തിയത്. കിരീടം സ്വീകരിക്കാന്‍ രാമനോട് അഭ്യര്‍ത്ഥിക്കുന്നു.

എന്നാൽ, പിതാവിന്‍റെ വാക്കുകള്‍ നാം ശിരസാവഹിക്കേണ്ടതുണ്ടെന്ന് രാമന്‍ ഭരതനെ ബോധ്യപ്പെടുത്തുന്നു. പിതാവിന്‍റെ വാക്ക് പാലിക്കാനായി പതിനാല് വര്‍ഷം താന്‍ വനത്തില്‍ കഴിഞ്ഞേ മതിയാകൂ എന്ന് രാമൻ പറയുന്നു. രാമന് പകരം താന്‍ വനവാസം അനുഷ്‌ഠിക്കാമെന്ന് ഭരതന്‍ പറയുന്നു.

പിതാവിന്‍റെ ആജ്ഞ പാലിക്കേണ്ടതിന്‍റെയും വാഗ്‌ദാനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിന്‍റെയും പ്രാധാന്യം ഭരതനോട് രാമന്‍ വ്യക്തമാക്കുന്നു. വസിഷ്‌ഠ മഹര്‍ഷി രാമന്‍റെ ദൈവികത്വവും ദൗത്യവും ഭരതനെ പറഞ്ഞ് മനസിലാക്കുന്നു. രാമന്‍റെ തീരുമാനത്തെ മാനിക്കാനും ഉപദേശിക്കുന്നു. മടങ്ങി വരും വരെ രാമന്‍റെ പ്രതീകമായി അദ്ദേഹത്തിന്‍റെ മെതിയടികള്‍ വച്ച് പൂജിച്ച് ഭരണം നടത്താന്‍ വേണ്ടി ഭരതൻ അവ ചോദിച്ച് വാങ്ങുന്നു.

അത്രിയാശ്രമ പ്രവേശം

ചിത്രകൂടത്തില്‍ താമസിക്കുന്ന സമയത്ത് രാമനും സീതയും ലക്ഷ്‌മണനും അത്രിമഹര്‍ഷിയുടെയും ഭാര്യ അനസൂയയുടെയും ആശ്രമം സന്ദര്‍ശിക്കുന്നു. അവരെ വളരെ ആതിഥ്യമര്യാദയോടെ ഇരുവരും സ്വീകരിച്ച് സത്ക്കരിക്കുന്നു. വിലപിടിപ്പുള്ള ആഭരണങ്ങളും വസ്‌ത്രങ്ങളും അനസൂയ സീതയ്ക്ക് സമ്മാനിക്കുന്നു.

ദാമ്പത്യത്തില്‍ ഭക്തിയും വിശ്വാസ്യതയും പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും അനസൂയ സീതയെ അനുഗ്രഹിച്ച് കൊണ്ട് അവളോട് പറഞ്ഞ് കൊടുക്കുന്നു. രാമനിലെ ദൈവിക അംശം തിരിച്ചറിയുന്ന അത്രിമഹര്‍ഷി രാവണനെ പരാജയപ്പെടുത്തുകയെന്ന ദൗത്യത്തില്‍ രാമന്‍ വിജയിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com