ആത്മവിശുദ്ധിയുടെ മറ്റൊരു പുണ്യ കര്‍ക്കടകം: ഇന്ന് രാമായണ മാസാരംഭം

ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം
ആത്മവിശുദ്ധിയുടെ മറ്റൊരു പുണ്യ കര്‍ക്കടകം: ഇന്ന് രാമായണ മാസാരംഭം
Published on

കേവലമായ ഭൗതിക ജീവിതത്തിലുപരിയായി ആദ്ധ്യാത്മിക ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ് ഭാരതീയര്‍. ലക്ഷ്യം മോക്ഷവും കര്‍മ്മങ്ങള്‍ ഉപായങ്ങളും ആണെന്ന ഹൈന്ദവാദര്‍ശം വിളങ്ങി നില്‍ക്കുന്ന മഹാകാവ്യമാണ് രാമായണം.

കര്‍ക്കടകത്തിലെ പുണ്യകര്‍മമാണ് രാമായണ പാരായണം. കര്‍ക്കടകത്തിലെ പ്രാരാബ്ധങ്ങള്‍ രാമായണ പാരായണത്തിലൂടെ അതിജീവിക്കാമെന്നാണ് വിശ്വാസം. രാമായണത്തിലെ ഓരോ ഭാഗവും പാരായണം ചെയ്യുന്നതിന് നിയതമായ ചിട്ടവട്ടങ്ങളുണ്ട്. അചഞ്ചല ഭക്തിയോടെ, നിഷ്ഠയോടെ ഓരോ ഭാഗവും പാരായണം ചെയ്യുമ്പോള്‍ അതിന് അനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ് സങ്കല്പം.

രാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് പൂര്‍വരാമായണം. അതുകഴിഞ്ഞ് അശ്വമേധം വരെയുള്ളത് ഉത്തര രാമായണം. ബാലകാണ്ഡം, അയോധ്യാ കാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായി വിന്യസിക്കപ്പെട്ട 24,000 ശ്ലോകങ്ങളും രമായണ മാസക്കാലത്ത് വായിച്ചു തീര്‍ക്കണം. കര്‍ക്കടകം 1 മുതല്‍ 31 വരെയാണ് പാരായണ കാലം.

ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. അടുത്ത ഒരു വർഷത്തേക്ക് മനസും ശരീരവും ഊർജ്ജസ്വലമായി നിലനിർത്താനായുള്ള പ്രവർത്തനങ്ങൾക്കുള്ള സമയം കൂടിയാണിത്. മനസിന്റെ സമാധാനത്തിനും സ്വയം നവീകരണത്തിനും രാമായണ പാരായണത്തേക്കാൾ മഹത്തായ മറ്റൊന്നുമില്ല. അവതാര പുരുഷന് പോലും വിധിയെ തടുക്കാനായില്ല, വെല്ലുവിളി നിറഞ്ഞ ജീവിത സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതുമായ വലിയ പാഠമാണ് രാമായണം നൽകുന്നത്. ഇത് മനുഷ്യ ജീവിതവുമായി കൂടുതൽ അടുത്ത് നിൽക്കുന്നതിനാൽ പാരായണം ചെയ്യുന്നവരുടെ മനസ്സിന് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജ്ജം നൽകും.

ശാരീരിക ആരോഗ്യത്തിനും അർഹമായ പരിഗണന നൽകുന്ന കാലഘട്ടം കൂടിയാണ് കർക്കടകം. തികഞ്ഞ അച്ചടക്കമുള്ള ഭക്ഷണ രീതികളും ആവശ്യമായ ചിട്ടകളുമെല്ലാം ശാരീരിക ഊർജ്ജം പ്രദാനം ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com