
സീതാന്വേഷണ ഉദ്യോഗം
വാനരാജാവായ സുഗ്രീവന്‍ തന്‍റെ വാനരസൈന്യത്തിന്‍റെ വീര്യവും അര്‍പ്പണ ബോധവും രാമന് ഉറപ്പുനല്‍കുന്നു. എല്ലാ ദിശകളിലും സീതയെ തെരയാന്‍ തയ്യാറാണെന്ന് പറയുന്നു. അഹങ്കാരികളായ രാക്ഷസന്‍മാരെ പരാജയപ്പെടുത്താന്‍ കഴിവുള്ള കുരങ്ങുകളുടെ ശക്തിയും വൈവിധ്യവും അദ്ദേഹം ഊന്നിപ്പറയുന്നു. സുഗ്രീവന്‍റെ ഭക്തിയില്‍ ആകൃഷ്‌ടനായ രാമന്‍, വാനരന്മാരെ പ്രത്യേകിച്ച് ഹനുമാനെ സീതയെ കണ്ടെത്താനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. സൗഹൃദത്തിന്‍റെയും വിശ്വാസത്തിന്‍റെയും കൂട്ടായ പ്രയത്‌നത്തിന്‍റെയും ശക്തി ഇവിടെ പ്രകടമാകുന്നു.
സ്വയം പ്രഭ ഗതി
വെള്ളം തേടി നടന്ന ഹനുമാനും വാനരന്മാരും യോഗിനിയായ സ്വയം പ്രഭയെ ഒരു മാന്ത്രിക ഗുഹയില്‍ കണ്ടുമുട്ടുന്നു. തങ്ങളുടെ ദൗത്യം സ്വയം പ്രഭയോട് വാനരസംഘം വിവരിക്കുന്നു. അവരുടെ കഥ കേട്ട ശേഷം സ്വയം പ്രഭ ആവരെ ആതിഥ്യമര്യാദയോടെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് കഴിക്കാന്‍ പഴങ്ങളും കുടിക്കാന്‍ വെള്ളവും നല്‍കുന്നു. തന്‍റെ കഥ വാനരസംഘവുമായി സ്വയം പ്രഭ പങ്കവയ്‌ക്കുന്നു. പിന്നീട് അവരുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആശംസിക്കുകയും ചെയ്യുന്നു.
സ്വയം പ്രഭയുടെ വാനരന്മാരോടുള്ള ഈ സഹകരണവും പ്രോത്സാഹനവും സഹായവുമെല്ലാം ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗ മധ്യേ ദൈവിക ഇടപെടല്‍ ഉണ്ടാകുമെന്ന് കാണിക്കുന്നു.
സ്വയം പ്രഭ സ്‌തുതി
രാമനെ കാണാന്‍ സ്വയം പ്രഭ ഗുഹയില്‍ നിന്ന് പുറപ്പെടുന്നു. പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും രാമനെ കണ്ടതില്‍ കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുന്നു. രാമന്‍റെ ദൈവിക ഭാവം അംഗീകരിക്കുകയും തന്‍റെ രാമഭക്തി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ആത്‌മാര്‍ഥമായ ഭക്തിയുടെ ശക്തിയും ആത്‌മീയ പൂര്‍ത്തീകരണത്തിന്‍റെ സന്തോഷവും ഉള്‍ക്കൊണ്ട് രാമന്‍ സ്വയം പ്രഭയുടെ ആഗ്രഹം നിറവേറ്റുന്നു.
അംഗദന്‍റെയും സംഘത്തിന്‍റെയും സംശയം
തങ്ങളുടെ ദൗത്യം പരാജയപ്പെടുമോ എന്ന സംശയത്തില്‍ അംഗദനും വാനര ശ്രേഷ്‌ഠരും ഭയപ്പെടുന്നു. തങ്ങളില്‍ അര്‍പ്പിതമായ ദൈവിക ദൗത്യത്തെ കുറിച്ചും രാമന്‍റെ വാത്സല്യത്തെ കുറിച്ചും ഹനുമാന്‍ വാനര സംഘത്തോട് പറയുന്നു. തങ്ങളുടെ യഥാര്‍ഥ ലക്ഷ്യത്തെ കുറിച്ച് സംഘത്തെ ഓര്‍മിപ്പിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ സീതാന്വേഷണം തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഒരാളുടെ ലക്ഷ്യം തിരിച്ചറിയുന്നതില്‍ നിന്നുണ്ടാകുന്ന ശക്തിയെ കുറിച്ചുമാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.